അന്‍വര്‍ ഇനി സി.പി.എം. വര്‍ഗശത്രുവെന്ന് വിജയരാഘവന്‍

പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരെ പിവി അന്‍വര്‍ എംഎല്‍എ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കാന്‍ നിലമ്പൂരില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

author-image
Prana
New Update
a vijayaraghavan

പി.വി. അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തേക്കു മാറി എന്നതുകൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കില്ലെന്നും ശത്രുപക്ഷത്തുള്ളയാളെ വര്‍ഗശത്രുവായിത്തന്നെയാണ് പാര്‍ട്ടി കാണുകയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഇടതുമുന്നണി വിട്ടുപോയി പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരെ പിവി അന്‍വര്‍ എംഎല്‍എ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കാന്‍ നിലമ്പൂരില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പലതരത്തിലുള്ള കടന്നാക്രമണങ്ങള്‍ അതിജീവിച്ചാണ് കേരളത്തില്‍ സിപിഎം ഭരണത്തുടര്‍ച്ചയില്‍ എത്തിയത്. ഏറ്റവും മികച്ച പോലീസിങ്ങ് നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എടിഎം കവര്‍ന്നാലും എംടിയുടെ വീട്ടില്‍ കവര്‍ന്നാലും 24 മണിക്കൂറിനുള്ളില്‍ പിടിക്കുന്ന സംസ്ഥാനമാണിത്. ഇവിടെ വര്‍ഗീയ കലാപമില്ല. രാജ്യത്തെ മികച്ച ക്രമസമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.
അന്‍വര്‍ കക്കാടംപൊയില്‍ ഭക്രാനംഗലിനേക്കാള്‍ വലിയ അണക്കെട്ടുകെട്ടി എന്നുവരെ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ ഇപ്പോള്‍ നേരം വെളുക്കുമ്പോഴേക്കും അന്‍വറിന്റെ വീട്ടിലെത്തി അന്‍വറിനെ വാഴ്ത്തുന്നു. ലോകത്തെ ഏറ്റവും നല്ല മനുഷ്യന്‍ അന്‍വര്‍ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.
കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍, വര്‍ഗീയ വാദികള്‍ എല്ലാവരും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കുമുമ്പില്‍ ഈ പാര്‍ട്ടി കീഴടങ്ങില്ല. സിപിഎമ്മിനെ തകര്‍ക്കാന്‍ ഒരാളെ കിട്ടി എന്നാണ് അവര്‍ കരുതുന്നത്.
ഭരണതുടര്‍ച്ച ലഭിച്ചപ്പോള്‍ സിപിഎം ഒരു രേഖ ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ ജനോപകരാപ്രദമായ കാര്യങ്ങളെ ചെയ്യൂ. പോലീസിന്റെ പ്രവര്‍ത്തനം പോലും മെച്ചപ്പെടുത്തണം. അതി ദാരിദ്ര്യം ഇല്ലാതാക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയാന്വിതരാവണം എന്നു പാര്‍ട്ടി പറഞ്ഞു. സര്‍ക്കാറിന്റെ പ്രവര്‍ത്തനം അഴിമതിരഹിതമായിരിക്കണം എന്നും തീരുമാനിച്ചു. ചിലര്‍ക്ക് ഈ സംവിധാനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ചിലര്‍ക്ക് മോട്ടോര്‍ സൈക്കിളില്‍ അഞ്ചാള്‍ പോകണം. ചിലര്‍ക്ക് കള്ളക്കടത്ത് നടത്തണം. ചിലര്‍ക്ക് കുഴല്‍പണം കടത്തണം. മണല്‍ കടത്തണം. എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തണം എന്നു ചിന്തിക്കുന്നവരുണ്ട്.
ഇത്തരക്കാരുടെ കൈയ്യടി കിട്ടുന്ന പ്രവര്‍ത്തനം കമ്യൂണിസ്റ്റുകാര്‍ നടത്താറില്ല. അതാണ് അന്‍വര്‍ നടത്തിയ പ്രവര്‍ത്തനം. മര്യാദക്കേ കേരള പോലീസ് പ്രവര്‍ത്തിക്കൂ. മര്യാദക്ക് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആളാണ് മുഖ്യമന്ത്രി പിണറായി.
ശ്രീനിവാസന്‍ സിനിമയില്‍ പോളണ്ട് എന്നു പറയാന്‍ പാടില്ല എന്നു പറഞ്ഞപോലെ ചിലര്‍ മലപ്പുറം എന്നു പറയാന്‍ പാടില്ല എന്നു പറയുന്നു. സ്വര്‍ണം തട്ടുന്നവര്‍ തമ്മില്‍ ക്രമസമാധാന പ്രശ്‌നമായപ്പോള്‍ പോലീസ് ഇടപെട്ടു. ആരു കടത്തിയാലും പിടിച്ച് ഉള്ളിലിടും. അതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് ഇഷ്ടപ്പെടുന്നില്ല എന്നു പറയുന്നത് ആരുടെ അജണ്ടയാണ്. കേരള സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുക ആര്‍എസ്എസ് അജണ്ടയാണ്. മോഹന്‍ ഭഗവതിന്റെ പ്രസംഗം കമ്യൂണിസത്തെ ഇല്ലാതാക്കണമെന്നു പറയുന്നു. കേന്ദ്രത്തിന് അര്‍ഹമായത് തരാതിരിക്കുന്നു കേന്ദ്രം. ഈ അവസ്ഥകളോടാണ് നമ്മള്‍ ഏറ്റുമുട്ടുന്നത്. ഇതിനിടെ മാര്‍ക്‌സിസ്റ്റും ആര്‍എസ്എസും സഖ്യമാണെന്നുപറയുന്നു. ഇവരുടെ തൊലിക്കട്ടി കണ്ടാമൃഗത്തിന്റേതാണ്.
ഒരു കമ്യൂണിസ്റ്റുകാരനാണ് അവശേഷിക്കുന്നതെങ്കില്‍ പോലും ആര്‍എസ്എസിനെതിരെ പൊരുതും. ഇഎന്‍ മോഹന്‍ദാസ് ആര്‍എസ്എസുകാരനാണെന്നു പറഞ്ഞതോടെ അന്‍വര്‍ ഏറ്റവും ചെറുതായി. കേരളത്തില്‍ ബിജെപി തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്നു പറഞ്ഞതും പൂട്ടിച്ചതും പിണറായി വിജയനാണ്. തൃശൂരില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടു കുറഞ്ഞു. ബിജെപി ജയിച്ചു.
മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ആര്‍ എസ് എസും കോണ്‍ഗ്രസ്സും പ്രക്ഷോഭങ്ങള്‍ നടത്തി. എല്ലാ എതിര്‍പ്പുകളും അതിജീവിച്ചാണ് ഇഎംഎസ് മലപ്പുറം ജില്ല രൂപീകരിച്ചത്. രണ്ടു ലീഗുകാര്‍ ആദ്യം മന്ത്രിമാരായത് കമ്യൂണിസ്റ്റുകാരുടെ കൂടെയല്ലേ.
എല്ലാ വര്‍ഷവും എസ്എസ്എല്‍സി ഫലം വരുമ്പോള്‍ മലപ്പുറത്ത് ഹയര്‍ സെക്കന്ററി സീറ്റില്ല എന്ന പ്രചാരണം നടക്കും. ഇപ്പോള്‍ പ്രവേശനം കിട്ടാത്ത കുട്ടികള്‍ ഉണ്ടോ. അപ്പോള്‍ അവര്‍ പറയും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്‌സിന് ഇഷ്ടപ്പെട്ട സ്‌കൂളില്‍ പ്രവേശനം കിട്ടിയില്ലെന്ന്. ഇത് സാധ്യമാക്കാന്‍ ലോകത്ത് ആര്‍ക്കും സാധ്യമല്ല.
തൃശൂര്‍ പൂരത്തില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ചുമതല വഹിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളെക്കുറിച്ച് മൂന്നുതലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആരോപണം ഉന്നയിച്ചു നാളെ നടപടി എടുത്തില്ല. അതാണ് അന്‍വറിന്റെ ആവശ്യം. റിപ്പോര്‍ട്ട് കിട്ടി അപ്പോള്‍ തന്നെ നടപടി എടുത്തില്ല എന്നായി പിന്നെ. ഈ റിപ്പോര്‍ട്ട് ഒന്നു വായിച്ചു നോക്കണ്ടേ.
പരാതികളെല്ലാം ആദ്യം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കും എന്നിട്ട് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കും. എന്നിട്ട് ഇപ്പോള്‍ തന്നെ നടപടി വേണം എന്നു പറയും. എന്നിട്ടും മുഖ്യമന്ത്രി അതു പരിഗണിച്ചു. കേന്ദ്ര സിവില്‍ സര്‍വീസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വേണ്ടിയാണ് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദ്ദാര്‍ പട്ടേല്‍ നിയമം ഉണ്ടാക്കിയത്. ആ നിയമം അനുസരിച്ചല്ല നടപടിയെങ്കില്‍ പിറ്റേന്നു തന്നെ അയാള്‍ ആ സ്ഥാനത്തു വന്നിരിക്കും. അന്വേഷണം നടത്തിയിട്ടുവേണം നടപടി. അതാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായിവിജയനെ കളങ്കപ്പെടുത്തി സി പി എമ്മിനെ തകര്‍ക്കാമെന്നു കരുതണ്ട. 
പിശക് ഉണ്ടെങ്കില്‍ തിരുത്തി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

cpm a vijaya raghavan pv anwar mla