അടൂർ: പട്ടാഴിമുക്കിലെ വാഹനാപകടത്തിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊരുങ്ങി പൊലീസ്.സംഭവത്തിന്റെ ദുരൂഹത നീക്കാൻ മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി ഇരുവരുടേയും മൊബൈലുകൾ പൊലീസ് വിദഗ്ധ പരിശോധനകൾക്ക് അയക്കും.
അതെസമയം സംഭവത്തിൽ ഇരുവരുടേയും ചില സുഹൃത്തുക്കളെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു.മനഃപൂർവ്വം വാഹനം കണ്ടെയ്നറിൽ ലോറിയിലേക്ക് ഇടിപ്പിക്കുകയായിരുന്നുവെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.സാഹചര്യ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിൽ ഉറച്ചുനിൽക്കുന്നത്.നിലവിൽ ഹാഷിമിന്റെ പ്രകോപനത്തിന് പിന്നിലെ കാരണമെന്താണെന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണമാണ് നടക്കുന്നത്.
ഹാഷിമിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി തന്നെ സംസ്കരിച്ചിരുന്നു. അനുജയുടെ സംസ്കാരം ശനിയാഴ്ച നടക്കും.കഴിഞ്ഞദിവസം വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ തുമ്പമൺ സ്‌കൂളിലെ അധ്യാപികയായ അനുജയെ കാറിൽ എത്തി ഹാഷിം നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചോദിച്ചപ്പോൾ ചിറ്റപ്പന്റെ മകനാണെന്നാണ് അനുജ സഹപ്രവർത്തകരോട് പറഞ്ഞത്.എന്നാൽ ഇവരുടെ സൗഹൃദത്തെ കുറിച്ച് രണ്ടു വീട്ടുകാർക്കും യാതൊരു അറിവുമില്ല.അതിനാൽ ഇരുവരുടെയും മരണത്തിൽ ദുരൂഹത ഇപ്പോഴും തുടരുകയാണ്.ശാസ്ത്രിയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്.