എപിപി അനീഷ്യയുടെ ആത്മഹത്യ; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

അന്വേഷണവുമായി സഹകരിക്കണമെന്നും മൂന്നുദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം എന്നുമാണ് നിര്‍ദ്ദേശം. 

author-image
anumol ps
New Update
aneeshya

എസ്.അനീഷ്യ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: പരവൂര്‍ മുന്‍സിഫ് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യ(41) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ എപിപി ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും മൂന്നുദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം എന്നുമാണ് നിര്‍ദ്ദേശം. 

ജനുവരി 21 നായിരുന്നു അനീഷ്യയെ പരവൂര്‍ നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപത്തെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. അജിത്കുമാറിന്റെ ഭാര്യയാണ്. ഉന്നത ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നു കടുത്ത മാനസിക സമ്മര്‍ദം അനീഷ്യ നേരിട്ടുവെന്നു തെളിയിക്കുന്ന ചില ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. 

അവധിയെടുക്കാതെ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിവരാവകാശ നിയമപ്രകാരം കൊല്ലത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസില്‍ അപേക്ഷ ലഭിച്ചിരുന്നു. ഇതിനു പിന്നില്‍ അനീഷ്യയാണെന്നും ചിലര്‍ സംശയിച്ചിരുന്നു. 'വിവരാവകാശം പിന്‍വലിക്കണം, ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്' എന്നു ചിലര്‍ ഭീഷണിപ്പെടുത്തിയതും മരിക്കുന്നതിനു തലേദിവസം എപിപിമാരുടെ യോഗത്തില്‍ അനീഷ്യയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സിആര്‍) പരസ്യപ്പെടുത്തിയതും അവരെ മാനസികമായി തളര്‍ത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. 

കോടതികളില്‍ കേസില്ലാത്ത (നോണ്‍ എപിപി ഡേയ്‌സ്) ദിവസം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഓഫിസില്‍ എത്തി കേസുകള്‍ പഠിക്കുകയും ഓഫിസ് ജോലികള്‍ ചെയ്യുകയും വേണമെന്നാണ് ചട്ടം. എന്നാല്‍, ഇങ്ങനെ ഓഫിസില്‍ എത്താതെ അടുത്ത ദിവസം എത്തി ചിലര്‍ ഒപ്പിടുന്നത് അനീഷ്യ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ചിലര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപണമുണ്ടായിരുന്നു. 





women app anticipatory bail accused