തിരുവനന്തപുരം: സംസ്ഥാനത്ത് ദേശവിരുദ്ധ കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി അയച്ച കത്ത് അവർ തന്നെ മാധ്യമങ്ങൾക്ക് ചോർത്തിനൽകി. പിന്നെങ്ങനെയാണ് താൻ ചോർത്തിയെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. അതിൽ ഇടപെടുക എന്നത് തന്റെ ചുമതലയായിരുന്നു. ദേശവിരുദ്ധ കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞാൽ ഇടപെടേണ്ടതല്ലേ. തന്റെ കടമ നിർവഹിക്കും. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയോ ഇല്ലയോ എന്നത് മാധ്യമങ്ങളോട് പറയില്ല. തനിക്ക് കത്ത് ലഭിക്കുമ്പോഴേക്കും അത് മാധ്യമങ്ങളിൽ വന്നിരുന്നുവെന്നും ഗവർണർ പറഞ്ഞു.
നേരത്തെ, മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഗവർണർ രംഗത്തെത്തിയിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നുമായിരുന്നു ഗവർണറുടെ ആരോപണം. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്ന് ചോദിച്ച ഗവർണർ അത് റിപ്പോർട്ട് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കിയിരുന്നു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി നൽകിയ കത്ത് ഉയർത്തിക്കാട്ടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻറെ നേരത്തേയുള്ള വിമർശനം. കേന്ദ്ര ഏജൻസികളെ വെച്ചുള്ള അന്വേഷണം പരിഗണിക്കുമെന്നും സ്വർണ്ണക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റാണെന്നും തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രിയും മറുപടി നൽകിയിരുന്നു. കത്തിൽ പറയാത്ത കാര്യങ്ങൾ ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. താൻ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ദ ഹിന്ദു ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണം കടത്തുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് രാജ്യ വിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ്.