തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ വിധി പ്രസ്താവിച്ച് സിബിഐ പ്രത്യേക കോടതി.കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരാണിവർ എന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും നൽകണം.സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്.രാജീവ് ആണ് വിധി പറഞ്ഞത്.
കേസിൽ അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമൽ, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാൻ, 9-ാം പ്രതി രതീഷ്, 10-ാം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കില്ലാത്ത ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾക്ക് ഗൂഢാലോചനാക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രതികൾ ആകെ 56 ലക്ഷം രൂപ പിഴ അടക്കണം.
സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കർ, വാർഡ് മെമ്പർ പി.എസ്. സുമൻ എന്നിവരെ മൂന്നുവർഷം കഠിന് തടവിനും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരാണിവർ. പിഴ തുകയിൽ 50 ലക്ഷം രൂപ കൊല്ലപ്പെട്ട രാമഭദ്രന്റെ ഭാര്യ ബിന്ദുവിനും മക്കളായ ആതിര, ആര്യ എന്നിവർക്കും നൽകണമെന്ന് കോടതി ഉത്തരവിട്ടു.
2010ലാണ് രാമഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മകൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന രാമഭദ്രനെ വീട്ടിൽ അതിക്രമിച്ച് കയറിയ സിപിഎം പ്രവർത്തകർ മകളുടെ കൺമുന്നിൽ വച്ച് വെട്ടിക്കൊല പ്പെടുത്തുകയായിരുന്നു. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ആദ്യം ലോക്കൽ പൊലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്, രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ സിബിഐയ്‌ക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ 19 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ ഒരു പ്രതി മരിച്ചു.കേസിലെ രണ്ടാം പ്രതിയും സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേസിലെ ഇരുപതാം പ്രതി രവീന്ദ്രനും പിന്നീട് മരണപ്പെട്ടു.