പത്തനംതിട്ട: ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി. താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്ടുവന്ന ആരോപണമാണ് തനിക്കെതിരെയുള്ളത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നും അനില്‍ ആന്റണി പ്രതികരിച്ചു.
നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും അനില്‍ ആന്റണി ആരോപിച്ചു. സംസ്ഥാനത്തെ താക്കോല്‍സ്ഥാനത്തിരിക്കുന്ന ഒരു നേതാവും ദേശീയ തലത്തിലെ ഒരു നേതാവും നന്ദകുമാറും തമ്മില്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. അതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പത്തനംതിട്ടയില്‍ തന്റെ വിജയം ഉറപ്പായതാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. മാധ്യമങ്ങളില്‍ പലരും പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. തനിക്ക് അനുകൂലമായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നില്ല. ആന്റോ ആന്റണിക്കെതിരായ ആരോപണങ്ങളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും അനില്‍ ആന്റണി ആരോപിച്ചു.
'നന്ദകുമാര്‍ പത്ത് പതിനഞ്ച് ദിവസം മുമ്പ് കുറച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. വിഷുവിന്റെ ദിവസം തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞു. വിഷു കഴിഞ്ഞ് പത്ത് ദിവസമായി. തിരഞ്ഞെടുപ്പിന് രണ്ട് ദിവസമേയുള്ളൂ. പതിനഞ്ച് വര്‍ഷം മുമ്പ് നടന്നുവെന്ന് ഇവര്‍ അവകാശപ്പെടുന്ന കാര്യം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പ് ആരോപിച്ചപ്പോള്‍ എല്ലാവരും ആഘോഷിച്ചു. നരേന്ദ്രമോദി ഇന്ത്യയില്‍ വികസനം കൊണ്ടുവരുന്നതിനൊപ്പം പത്തനംതിട്ടയും വികസിക്കുമെന്ന സന്ദേശം നല്‍കുമ്പോള്‍ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസിനോടടുത്ത് നില്‍ക്കുന്നവര്‍ ശ്രമിക്കുന്നു', അനില്‍ ആന്റണി പറഞ്ഞു.
നന്ദകുമാര്‍ 2016ല്‍ തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതിന്റെ തെളിവ് തന്റെ കയ്യിലുണ്ട്. ഇലക്ഷന്‍ കമ്മീഷന് നന്ദകുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് പരാതികള്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നല്‍കും. നന്ദകുമാറുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. പറയുന്നത് കള്ളമാണെന്നും അനില്‍ ആന്റണി ആവര്‍ത്തിച്ചു.
അനില്‍ ആന്റണിക്ക് എതിരെ ആരോപണങ്ങളുമായി ദല്ലാള്‍ നന്ദകുമാര്‍ ഇന്നും രംഗത്തെത്തി. ഇതിന് പിന്നാലെയായിരുന്നു പ്രതികരണം. അനില്‍ ആന്റണി നിയമപരമായി നീങ്ങിയാല്‍ നടപടി നേരിടാന്‍ തയ്യാറാണെന്നും പണം നല്‍കിയ താനും സ്വീകരിച്ച അനില്‍ ആന്റണിയും തെറ്റുകാരാണെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനില്‍ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.
26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ സാക്ഷിയാവുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. അനില്‍ തെറ്റുകാരനാണ് എന്ന് ഒരു കോണ്‍ഗ്രസ് നേതാവും പോലും ഇതുവരെ പറഞ്ഞിട്ടില്ല. എ കെ ആന്റണിയുടെ മകന്‍ ആയതുകൊണ്ടാണ് ആരും ഒന്നും പറയാത്തതെന്നും നന്ദകുമാര്‍ പറഞ്ഞു.