ചേലക്കര: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ പി വി അൻവറിന് നോട്ടീസ് നൽകി. വിഷയത്തിൽ, അൻവറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അൻവറിന്റെ വാദം. പറയാനുള്ളത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
'തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പോലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കുറവാണ് എന്നത് വസ്തുതയാണ്. 98 എം.എല്‍.എ. മാരും മുഖ്യമന്ത്രിയും ഒരുഭാഗത്ത്. പ്രതിപക്ഷനേതാവും 40 എം.എല്‍.എ.യും മറുഭാഗത്ത്. സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത്.
ഇവരെല്ലാരുംകൂടെ വായ്‌പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ്. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തും. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഭയപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. 20-ലധികം എഫ്.ഐ.ആറുകള്‍ ഇതിനോടകം ഇട്ടുകഴിഞ്ഞു. രണ്ട് കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് ഇന്നുവന്നത്. ഇപ്പോഴിതാ 25 ലക്ഷം ചെറുതുരുത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്. മരുമകനല്ലേ. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്ന പണമാണിത്. കോളനികളില്‍ അവര്‍ സ്ലിപ്പ് കൊടുക്കുന്നത് കവറിലാണ്. ആ കവറിനുള്ളില്‍ പണമാണ്. ഇത്രയും മോശമായ കോളനി വേറെ എവിടെയാണുള്ളത്. ഇടതുമുന്നണി തന്നെയാണ് പണം കൊടുക്കുന്നത്. ആ നിലയിലേക്ക് അവരെത്തി', അൻവർ പറഞ്ഞു.