കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരമാണെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. കുട്ടിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും കടുത്ത ജാഗ്രതയിലാണ്.
കഴിഞ്ഞ ദിവസം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി പുഴയിലിറങ്ങിയ അതേ ദിവസങ്ങളിൽ പുഴയിൽ കുളിച്ച ആളുകളുടെ വിവരം ശേഖരിക്കുന്നുണ്ട്. പാറക്കൽ കടവിൽ കുളിച്ചവർക്ക് ആരോഗ്യപ്രശ്നമുണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.