തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്വദേശിയായ 9 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള വെങ്ങാനൂർ സ്വദേശിനിയായ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് സൂചന. നാലുപേർ മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള ഒൻപതുവയസ്സുകാരിക്ക് കിണർ വെള്ളവുമായി മാത്രമാണ് സമ്പർക്കമുണ്ടായിട്ടുള്ളത്. വീട്ടിലെ പാചകത്തിന് ഉൾപ്പെടെ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്കു നോക്കാൻ ബുദ്ധിമുട്ട്, കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, അസാധാരണ പ്രതികരണങ്ങൾ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവയുണ്ടാകും. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയുംവേഗം ചികിത്സ തേടണം. നട്ടെല്ലിൽനിന്ന് സ്രവം കുത്തിയെടുത്ത് പി.സി.ആർ. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.