മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) നിർണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകൾ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ലോകത്ത് 60 മുതൽ 70 ശതമാനം വരെയുള്ള മസ്തിഷ്‌കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) എടുത്തത്. കേസുകളുടെ എണ്ണം കൂടിയാലും ഫലപ്രദമായ ചികിത്സയിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാനാകും. അതനുസരിച്ച് അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കുള്ള മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് ആർആർടി യോഗത്തിലാണ് നിർദേശം നൽകിയത്.
അമീബിക്ക് മസ്തിഷ്‌ക ജ്വരം നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് കേരളം തെളിയിച്ചതാണ്. അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരെ രോഗമുക്തരാക്കാൻ സാധിച്ചു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തതുകൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നു. വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടർ നടപടികൾ സ്വീകരിച്ചു. ഈ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വകുപ്പ് വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.