കൊച്ചി: കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂർ കുടുംബാംഗങ്ങൾക്ക് മാത്രമെന്ന് ഹൈക്കോടതി. കൂത്തമ്പലത്തിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഹിന്ദുക്കളായ കലാകാരന്മാർക്കെല്ലാം കൂത്ത് അവതരിപ്പിക്കാൻ അനുമതി നൽകിയ കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് വിലയിരുത്തി.
ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിയത്. അമ്മന്നൂർ കുടുംബാംഗങ്ങളാണ് ഇവിടെ കാലങ്ങളായി കൂത്ത് അവതരിപ്പിക്കുന്നത്. 2022 ഫെബ്രുവരി 19നാണ് ഹിന്ദുക്കളായ എല്ലാ കലാകാരന്മാർക്കും കൂത്തമ്പലത്തിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാൻ അനുമതി നൽകാൻ ദേവസ്വം മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്. ഇതിനെതിരെ അമ്മന്നൂർ പരമേശ്വരൻ ചാക്യാർ അടക്കമുള്ളവർ നൽകിയ ഹർജി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
തന്ത്രിയുടെ അനുമതിയില്ലാതെയാണ് കൂത്തമ്പലത്തിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാൻ ഹിന്ദുക്കളായ എല്ലാ കലാകാരന്മാർക്കും അനുമതി നൽകിയതെന്ന് വിലയിരുത്തിയാണ് തീരുമാനം റദ്ദാക്കിയത്. നിലവിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 41 ദിവസമാണ് കൂത്തമ്പലത്തിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നത്. കാഴ്ചക്കാർക്ക് പ്രവേശനവും അനുവദിക്കുന്നില്ല. വർഷം മുഴുവൻ കൂത്തും കൂടിയാട്ടവും വേണോ എന്നതിൽ തീരുമാനമെടുക്കേണ്ടതും തന്ത്രിയാണെന്ന് കോടതി പറഞ്ഞു.
ക്ഷേത്രാചാര്യത്തിന്റെ ഭാഗമായ പാരമ്പര്യമായ അവകാശമാണ് കൂത്തമ്പലത്തിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കൽ എന്നാണ് ഹർജിക്കാർ വാദിച്ചത്. പുരാതനകാലം മുതൽ തുടരുന്നതാണ്. കൂടൽമാണിക്യം ആക്ട് പ്രകാരം ഇതിൽ മാറ്റം വരുത്താൻ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ല. ഇക്കാര്യങ്ങളിൽ തന്ത്രിയുടെ തീരുമാനമാണ് അന്തിമം. അമ്മന്നൂർ കുടുംബത്തിന്റെ അവകാശത്തെ ബാധിക്കാതെയാണ് ഹിന്ദുമതത്തിൽപ്പെട്ട മറ്റ് കലാകാരന്മാർക്കും അനുമതി നൽകിയത് എന്നാണ് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ വാദം. 41 ദിവസം മാത്രമാണ് അവർ കൂത്ത് അവതരിപ്പിക്കുന്നത്. മറ്റ് ദിവസങ്ങളിലാണ് മറ്റുള്ളവർക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. അതല്ലെങ്കിൽ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കൂത്തമ്പലം നശിക്കും. യുനെസ്‌കോ അംഗീകരിച്ച കലാരൂപമാണ് കൂത്തെന്നും അത് നശിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.