ശ്യാം കൊപ്പറമ്പില്‍
കൊച്ചി: അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിദ്ദിഖിന്റെ രാജിക്കായി മുറവിളി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നിലെ യുവനടി പീഡന ആരോപണവുമായി രംഗത്തെത്തിയതോടെ, അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മ വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ് എന്നിവര്‍ രംഗത്തെത്തി. ഇവര്‍ക്ക് പിന്തുണയുമായി കമ്മറ്റി അംഗങ്ങളായ ടൊവിനോ, അന്‍സിബ, ടിനി ടോം എന്നിവരും വന്നു.
പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് സിദ്ദിഖ് അനുകൂലികള്‍ രംഗത്തെത്തിയതോടെ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ തന്നെ നടന്നു. അമ്മ സംഘടന എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഭിന്നിപ്പ് ഉയര്‍ന്നതോടെ ഞായറാഴ്ച രാവിലെ സിദ്ദിക്ക് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. പിന്നാലെയാണ് രാജിവച്ചത്.
ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് മോഡല്‍ കൂടിയായ രേവതി സമ്പത്ത് ആരോപണങ്ങള്‍ ഉന്നയിച്ചത്. 2016-ല്‍ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിര്‍ത്തപ്പോള്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തല്‍.