കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എഡിജിപി എംആർ അജിത് കുമാർ. ഞായറാഴ്ച്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടും താലി, നെയ്‌വിളക്ക്, പുഷ്പാജ്ഞലി എന്നീ വഴിപാടുകളും നടത്തി.
ഇതിന് പിന്നാലെ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും ദർശനം നടത്തി. അവിടെയും വിവിധ വഴിപാടുകൾ നടത്തിയശേഷമാണ് മടങ്ങിയത്. സ്വകാര്യസന്ദർശനമായതിനാൽ തന്നെ സുരക്ഷയ്ക്കായി ഒരുദ്യോഗസ്ഥൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്ര ദർശനത്തിന് ശേഷം എ ആർ ക്യാമ്പിലെത്തി. വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.
ആർഎസ്എസ് ബന്ധം അടക്കം എംആർ അജിത് കുമാർ സർവ്വീസിൽ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ക്ഷേത്രദർശനം. ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത് കുമാറിന്റെ കൂടിക്കാഴ്ച വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനം. എ ജയകുമാറിന് പുറമേ ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബലെ ദത്താത്രേയയുമായായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്ച. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.