മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്യൂസിസിയുടെ ശ്രമഫലമായാണ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോഴുണ്ടായ വിവാദങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ യുവനടി നടത്തിയ വെളിപ്പെടുത്തലില്‍ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
സിദ്ദിഖ് മാത്രമല്ല, സംവിധായകന്‍ രഞ്ജിത്, നടന്മാരായ ഇടവേള ബാബു, ജയസൂര്യ, നിവിന്‍ പോളി, മുകേഷ് എന്നിവര്‍ക്കെതിരെയും ആരോപണമുണ്ടായി. സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവം WCC (Women in Cinema Collective)സ്ഥാപക നേതാവായ നടി ഹേമ കമ്മിറ്റിയില്‍ നിന്ന് മറച്ചുവച്ചെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.
ആലപ്പുഴ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. നടി താമസിക്കുന്ന റൂമില്‍ വരാറുണ്ടായിരുന്ന റൂം ബോയ് നടി ഉറങ്ങുന്ന സമയത്ത് സ്പെയര്‍ കീ ഉപയോഗിച്ച് റൂം തുറന്ന് അകത്തുകയറി. തുടര്‍ന്ന് ഉറങ്ങുകയായിരുന്ന നടിയെ സ്പര്‍ശിച്ചു. നടി ഉണര്‍ന്നു ബഹളമുണ്ടാക്കിയപ്പോള്‍ എല്ലാവരും കൂടി റൂം ബോയിയെ പൊലീസില്‍ ഏല്‍പ്പിച്ചു.
അപമാന ഭീതിയാല്‍ പിന്നീട് നടി കേസ് പിന്‍വലിച്ചു. എന്നാല്‍ ഹേമ കമ്മറ്റിയില്‍ പോയപ്പോള്‍ ഇക്കാര്യം നടി മറച്ചുവച്ചു. ഇത് ശരിയായില്ലെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
നടി ഹേമ കമ്മിറ്റിയില്‍ മൊഴി കൊടുത്തത് ഇങ്ങനെ ഒരു സംഭവം കേട്ടു കേള്‍വി പോലും ഇല്ല എന്നാണ്. അങ്ങനെ പറയുമ്പോള്‍ നടിയെ ആക്രമിച്ച കേസ് പോലും അവര്‍ അറിഞ്ഞിട്ടില്ല എന്ന ധ്വനി പോലും ഉണ്ട്. അവര്‍ അങ്ങനെ ഡബ്ല്യുസിസിക്ക് പണിയും കൊടുത്ത് പതുക്കെ പതുക്കെ അങ്ങ് സ്‌കൂട്ടായി.
തന്റെ നേരെ വരുന്നതിനെ മാത്രം നോക്കിയാല്‍ മതി, മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നത് ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന നിലപാടെടുത്ത് അവര്‍ മെല്ലെയങ് ഒഴിവായി. അവര്‍ക്കാര്‍ക്കും പൊതുസമൂഹത്തോട് യാതൊരു ബാധ്യതയുമില്ല എന്നാണല്ലോ നാം കരുതേണ്ടത്. എന്നാല്‍ മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായും സത്യമായും അറിയാവുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരെയും അമ്പരിപ്പിച്ചു.
എന്തിന് ഹേമ കമ്മിറ്റി പോലും അവരുടെ പരാമർശങ്ങൾ വിശ്വസിക്കേണ്ട എന്ന് എഴുതിയിട്ടുണ്ടെന്നാണ് വിവരമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. അവര്‍ ഡബ്ല്യുസിസിയില്‍ നിന്ന് പോയെന്ന് വിചാരിച്ച് ഡബ്ല്യുസിസിക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ മറ്റൊരു സംഘടനയില്‍ ഉണ്ടെന്ന് പറഞ്ഞ് ആ സംഘടനയ്ക്ക് ഒരു നേട്ടവും ഉണ്ടാകാനും പോകുന്നില്ല എന്നതാണ് സത്യം.
ചില സ്ഥാപക നടിമാര്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഹേമ കമ്മിറ്റിയില്‍ പങ്കുവച്ചിട്ടില്ല എന്നുള്ളത് മറ്റൊരു സത്യമാണ്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കേണ്ട ഉത്തരവാദിത്തം ഉള്ളവരാണെന്ന് ഒരിക്കലും മറക്കാന്‍ പാടില്ല.
ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം, നിര്‍ഭയരായിരിക്കണം അതല്ലെങ്കില്‍ അവര്‍ മാറി നിന്നിട്ട് അത്തരം ആള്‍ക്കാരെ ആ സംഘടനയുടെ ചുമതല ഏല്‍പ്പിക്കണം. അതുകൊണ്ട് ഡബ്ല്യുസിസി ഒന്ന് ഉടച്ചു വാര്‍ക്കുന്നതിനെ പറ്റി ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.