കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയിൽ പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിൽ ശോഭ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് ഒന്നാമതായി മുഖ്യമന്ത്രി പിണറായി വിജയൻ, രണ്ടാമതായി ഗോകുലം ഗോപാലൻ, മൂന്നമതായി മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആണെന്നും ശോഭ പറഞ്ഞു.
കേരളത്തിൽ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവർത്തിക്കുന്നുവെന്നും മുഹമ്മദ് റിയാസ് കുട്ടി ഡോൺ ആണെന്നും ശോഭ കുറ്റപ്പെടുത്തി. വീണ വിജയൻറെ കൂട്ടുകാരിയാണ്, ഉപദേശകയാണ് കണ്ണൂരിലെ പിപി ദിവ്യയെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
റിപ്പോർട്ടർ ചാനലിനെതിരെയും ശോഭ വിമർശനം ഉന്നയിച്ചു. ഉണ്ണി ആർ ബാലകൃഷ്ണനും സ്മൃതി പരുത്തിക്കാടും അരുൺ കുമാറും ചേർന്ന് തെളിവില്ലാത്ത ആരോപണങ്ങൾ പടച്ചുവിടുകയാണ്. തന്നെ ഇല്ലാതാക്കാനായി മാധ്യമ പ്രവർത്തനത്തെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.