പത്തനംതിട്ട: പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്. മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ചതിന് ജില്ലാ കമ്മിറ്റി അംഗമായ കെ കെ ശ്രീധരനെതിരെയാണ് നടപടി.
റോഡ് നിർമ്മാണത്തിനിടെ വീണാ ജോർജിന്റെ ഭർത്താവ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരൻ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിൽ ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനുമുന്നിൽ ഓട പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ആരോപണം.
മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമൺ പൊലീസ് സ്റ്റേഷനു സമീപമുള്ള കെട്ടിടം. ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ പണികളുടെ ഭാഗമായി ഓടപണിതപ്പോൾ ഈ കെട്ടിടത്തിനു മുന്നിൽ വളച്ചു പണിതത്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ എത്തി തടഞ്ഞതോടെയാണ് വിവാദമായത്.
മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും കെ കെ ശ്രീധരൻ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുൻവശത്ത് ഓട വളച്ചത് ട്രാൻസ്ഫോർമർ നിൽക്കുന്നതിനാലാണെന്നും, അലൈൻമെന്റിൽ മാറ്റംവരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്തെത്തിയിരുന്നു.