ആലത്തൂര്‍: കെ രാധാകൃഷ്ണനെ ഇടനെഞ്ചോട് ചേര്‍ത്ത് ആലത്തൂര്‍. 1996 മുതല്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രം, ആറാം അങ്കത്തിലും കെ രാധാകൃഷ്ണന്‍ തെറ്റിച്ചില്ല. സിറ്റിംഗ് എംപിയായ രമ്യ ഹരിദാസിനെ 19587 വോട്ടിന് പിന്നിലാക്കിയാണ് തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുള്ള മണ്ണ് കെ രാധാകൃഷ്ണനിലൂടെ ചുവന്നു തുടത്തത്.
അഞ്ചുവര്‍ഷംമുന്നേ വന്ന് വോട്ട് വാങ്ങി അപ്രത്യക്ഷയായ ജനപ്രതിനിധിയെ ചുമക്കില്ലെന്ന വാക്ക് ജനംപാലിച്ചു. കെ രാധാകൃഷ്ണന്‍ 398818, രമ്യഹരിദാസ് 379231, ടി എന്‍ സരസു 186441 എന്നിങ്ങനെയാണ് നിലവിലെ വോട്ടു കണക്ക്.
2008 ലെ നിയോജക മണ്ഡലങ്ങളുടെ ഡീലിമിറ്റേഷന്‍ പ്രക്രിയക്കു ശേഷം രൂപീകരിച്ച ലോകസഭാ മണ്ഡലമാണ് ആലത്തൂര്‍. 2008ന് മുന്‍പുള്ള ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തിന്റെ പരിധിയിലായിരുന്ന ഒട്ടു മിക്ക പ്രദേശങ്ങളും ചേര്‍ന്നതാണ് ആലത്തൂര്‍ ലോകസഭാ മണ്ഡലം. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളില്‍ ആലത്തൂരും മാവേലിക്കരയുമാണ് പട്ടികജാതി സവരണ മണ്ഡലങ്ങള്‍.
അതിര്‍ത്തി പുനര്‍ നിശ്ചയിക്കുന്നതിന് മുന്‍പുണ്ടായിരുന്ന നിയമസഭാ മണ്ഡലങ്ങളായ പാലക്കാട് ജില്ലയിലെ ത്രിത്താല, പട്ടാമ്പി,ഒറ്റപ്പാലം , കുഴല്‍മന്നം, മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളുമായിരുന്നു ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നത്.
1977 ലാണ് ഒറ്റപ്പാലം ലോകസഭാ മണ്ഡലം രൂപീകരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ കുഞ്ഞമ്പു സിപിഐ എം ടിക്കറ്റില്‍ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ സികെ ചക്രപാണിയെ തോല്‍പ്പിച്ചു ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തെ പ്രതിനിധികരിച്ചു.1980 ലെ തിരെഞ്ഞെടുപ്പില്‍ സിപിഐ എം നേതാവ് എ കെ ബാലന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെള്ള ഈചരനെ പരാജയപ്പെടുത്തി ലോകസഭയിലേക്കു ജയിച്ചു.
പിന്‍കാലത്തു രാജ്യത്തെ രാഷ്ട്രപതിയായി ഉയര്‍ന്ന കെ ആര്‍ നാരായണന്‍ 1984 ,1989 ,1991 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തുടര്‍ച്ചയായി മൂന്നുവട്ടം ലോകസഭയിലേക്കു വിജയിപ്പിച്ചു. 1996 ലെ തിരെഞ്ഞെടുപ്പില്‍ എസ് അജയകുമാറിലൂടെയാണ് ഒറ്റപ്പാലം മണ്ഡലം സിപിഐ എം തിരിച്ചുപിടിക്കുന്നതു.
പിന്നീട് നടന്ന 1998 ,1999, 2004 തിരഞ്ഞെടുപ്പുകളിലും സിപിഐ എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ് അജയകുമാര്‍ വിജയിച്ചു. 2009 ലെ പതിനഞ്ചാം ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചത് സിപിഐ എം നേതാവ് പി കെ ബിജുവാണ്. 2014ല്‍ പികെ ബിജു വീണ്ടും വിജയിച്ചു. എന്നാല്‍ 2019 ലെ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പുതുമുഖ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടി മണ്ഡലം ഏറെക്കാലത്തിനു ശേഷം ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമാക്കുകയായിരുന്നു.
2021 ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍പെട്ട ചേലക്കര (കെ രാധാകൃഷ്ണന്‍), കുന്നംകുളം (എ സി മൊയ്ദീന്‍), വടക്കാഞ്ചേരി (സേവ്യര്‍ ചിറ്റിലപ്പള്ളി), തരൂര്‍ (പി പി സുമോദ്), ചിറ്റൂര്‍ (കെ കൃഷ്ണന്‍ കുട്ടി), നെന്മാറ (കെ ബാബു), ആലത്തൂര്‍ (കെ ഡി പ്രസേനന്‍) മുഴുവന്‍ മണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് വിജയിച്ചത്.