എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസ് മന്ത്രിയാകുമെന്ന്; പിസി ചാക്കോ

ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്തതാണ് തീരുമാനമെന്നും തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.

author-image
Anagha Rajeev
New Update
p-c-chako

എ കെ ശശീന്ദ്രനന് പകരം തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്തതാണ് തീരുമാനമെന്നും തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം മാറണമെന്നാണ് എൻസിപി നേതൃയോഗത്തിന്റെ തീരുമാനം. ഒക്‌ടോബർ മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിന് ഒപ്പം മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനമായിരിക്കുന്നത്. നേരത്തെ എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് പി.സി.ചാക്കോ എന്നിവർ തലസ്‌ഥാനത്ത് മുഖ്യമന്ത്രിയെ കാണാനിരുന്നതായിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രിയുടെ തിരക്ക് മൂലം അതിന് സാധിച്ചിരുന്നില്ല.

പിബി യോഗത്തിനുശേഷം മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം എ കെ ശശീന്ദ്രന് പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടു ചർച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ നേതാക്കളോട് നിർദേശിച്ചത്. അതിനിടെ മന്ത്രിസ്ഥാനത്തിൻറെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്ന ചർച്ചയ്ക്കിടെയാണ് പിസി ചാക്കോ നിലപാട് വ്യക്തമാക്കിയത്.

ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശൂരിൽ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പി.കെ രാജൻ മാസ്റ്ററെ നേരത്തെ ചാക്കോ സസ്പെൻഡ് ചെയ്തിരുന്നു. വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവർക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തിയിരുന്നത്. ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയായിരുന്നു ശശീന്ദ്രന്റെ മറുപടി.

AK saseendran