ടൊവിനോ ചിത്രം 'എആർഎം' ടെലഗ്രാമിൽ പ്രചരിച്ചതിൽ കേസെടുത്ത് കൊച്ചി സൈബർ പൊലീസ്. ഐ ടി ആക്ട് പ്രകാരമാണ് കേസ്. സംവിധായകൻ ജിതിൻ ലാൽ നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപെടുത്തി.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ സംവിധായകൻ ജിതിൻ ലാലും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും രംഗത്തെത്തിയത്. ട്രെയ്‌നിലിരുന്ന് വ്യാജ കോപ്പി കാണുന്ന യാത്രക്കാരന്റെ വീഡിയോ സഹിതമായിരുന്നു ജിതിന്റെ പ്രതികരണം.
ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഒരുപാടുപേരുടെ സ്വപ്നമാണിത്. ഇത് ഒരു ചെറിയ ടൊവിനോ ചിത്രമല്ല. വലിയ മുടക്കുമുതലുള്ള ത്രീഡിയിൽ റിലീസ് ചെയ്ത സിനിമയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
'150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ - തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അധികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച യാണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ? ഈ നേരവും കടന്നു പോവും. കേരളത്തിൽ 90% എആർഎം കളിക്കുന്നതും 3ഡി ആണ്, 100% തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്,' എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നേരത്തെ 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിൻ്റെ വ്യാജ പതിപ്പ് പ്രചരിച്ചതിൽ സെെബർ പോലീസ് പ്രതികളെ പിടികൂടിയിരുന്നു. തിയേറ്റർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പോലീസ് തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടിയത്.
മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് അജയൻറെ രണ്ടാം മോഷണത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.