എയര്‍ ഇന്ത്യ സാറ്റ്‌സ് കമ്പനി കരാര്‍ ജീവനക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവളത്തില്‍ നടത്തിയ സമരം അവസാനിപ്പിച്ചു. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ശമ്പളം വര്‍ധിപ്പിക്കാനും ബോണസ് നല്‍കാനും തീരുമാനമായി. ബോണസ് ആയിരം രൂപ വര്‍ധിപ്പിക്കും.
ഇന്നലെ രാത്രി 10 മണിക്ക് ആരംഭിച്ച തൊഴിലാളി സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. നിലവില്‍ എട്ട് സര്‍വീസുകള്‍ വൈകിയെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര സര്‍വീസുകള്‍ പുറപ്പെടാന്‍ 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു. യാത്രക്കാരുടെ ലഗേജ് ലഭിക്കാന്‍ ഒന്നര മണിക്കൂറോളം വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി മാനേജ്‌മെന്റ് ശമ്പള പരിഷ്‌കരണം നടത്തിയിട്ടില്ലെന്നാരോപിച്ചാണ് സംയുക്ത സമരവുമായി തൊഴിലാളികള്‍ രംഗത്തെത്തിയത്. മാനേജ്‌മെന്റ് തൊഴിലാളിവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സംയുക്ത സമരസമിതി ആരോപിച്ചു.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് ആറുമാസം മുമ്പുതന്നെ കമ്പനിക്ക് നോട്ടീസ് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരക്കാര്‍ പറഞ്ഞു. റീജണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.