പ്രവാസി നമ്പി രാജേഷിന്‍റെ കുടുംബത്തെ കയ്യൊഴിഞ്ഞ് എയർ ഇന്ത്യ; നഷ്ടപരിഹാരം നൽകില്ല

ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിൻറെ അടുത്തേക്ക് പോകാൻ ശ്രമിച്ച ഭാര്യയടക്കമുള്ളവർക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു.

author-image
Vishnupriya
New Update
nambi rajesh

നമ്പി രാജേഷും ഭാര്യയും ഫയൽ ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എയർ ഇന്ത്യ ക്യാബിൻ  ക്രൂ അംഗങ്ങളുടെ സമരം കാരണം മസ്കറ്റിൽ പ്രവാസി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റിൽ മരിച്ച കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിനാണ് എയർലൈൻസ് അധികൃതരുടെ മറുപടി. എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്.

ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിൻറെ അടുത്തേക്ക് പോകാൻ ശ്രമിച്ച ഭാര്യയടക്കമുള്ളവർക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. 

കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

nambi rajesh airindia express