കൊച്ചി: സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കി മുന്നോട്ടു കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതിന്റെ ഭാഗമായാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യമായി ഇന്‍ക്ലൂസീവ് ഇനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഒഫിഷ്യല്‍സിനുള്ള ഏകദിന ശില്‍പശാല എസ് ആര്‍ വി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും സഹപാഠികളായ മറ്റു കുട്ടികളെയും ഉള്‍പ്പെടുത്തി തുല്യത ഉറപ്പാക്കും. ഇതിനായി തയ്യാറാക്കിയ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മാന്വലിന്റെ അടിസ്ഥാനത്തിലാണ് വിവിധ അത്ലറ്റിക്‌സ് ഗെയിംസ് ഇനങ്ങളില്‍ കുട്ടികളെ പരിശീലിപ്പിച്ചിട്ടുള്ളത്.
പെണ്‍കുട്ടികള്‍ക്കുള്ള ഹാന്‍ഡ് ബോള്‍, ആണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍, മിക്‌സഡ് ബാഡ്മിന്റന്‍, 4 ഃ 100 മീറ്റര്‍ മിക്‌സഡ് റിലേ, 100 മീറ്റര്‍ ഓട്ടം, സ്റ്റാന്‍ഡിംഗ് ജംബ്, സ്റ്റാന്‍ഡിംഗ് ത്രോ എന്നീ ഇനങ്ങളില്‍ 14 ജില്ലകളിലായി 1600 ലധികം കുട്ടികള്‍ പങ്കെടുക്കും.
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ വിവിധ ഇന്‍ക്ലൂസീവ് കായിക ഇനങ്ങളില്‍ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികളാണ് സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. ഇവര്‍ക്കു വേണ്ട ജെഴ്‌സി, ട്രാക്ക് സ്യൂട്ട് തുടങ്ങിയവ പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അതത് ജില്ലകള്‍ തയ്യാറാക്കിയിട്ടുണ്ട്.
എസ് സി ഇ ആര്‍ ടി യും എസ് എസ് കെ യും സംയുക്തമായി തയ്യാറാക്കിയ ഇന്‍ക്ലൂസിവ് സ്‌പോര്‍ട്‌സ് മാന്വല്‍ പ്രകാരമാണ് വിവിധ കായിക ഇനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ളത്. ഇതിനായി എസ് എസ് കെ യുടെ സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപകര്‍ക്കും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജനറല്‍ എഡ്യൂക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ്, എസ് എസ് കെ അഡീഷണല്‍ പ്രൊജക്ട് ഡയറക്ടര്‍ എം കെ ഷൈന്‍ മോന്‍, ജനറല്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ ആര്‍ കുമാര്‍, സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ സി എസ് പ്രദീപ്, എസ്എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ടി എല്‍ രശ്മി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കായിക അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപകര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.