കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദ. ആയുഷ് ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ എയിംസില്‍ ഉണ്ടാകുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി അറിയിച്ചു.
കേരളത്തിന്റെ ആരോഗ്യ മേഖല മികച്ചതായതു കൊണ്ടാണ് മുന്‍ഗണന കിട്ടാതെ പോയതെന്ന് നദ്ദ പറഞ്ഞു. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് ഇന്റഗ്രേറ്റഡ് റിസര്‍ച്ചിന് വലിയ രീതിയില്‍ സഹായകരമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏറെ കാലത്തെ കേരളത്തിന്റെ ആവശ്യമാണ് എയിംസ്. കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. ഇത്തവണയെങ്കിലും കേരളത്തിന് അര്‍ഹമായ എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പ്രതികരിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 202324ലെ അര്‍ഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് ജെ പി നദ്ദയോട് ആവശ്യപ്പെട്ടു. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. നിപ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇതുസംബന്ധിച്ച ആവശ്യം മന്ത്രി ഉന്നയിച്ചത്. പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രോജക്ടുകള്‍ക്ക് ധനബാധ്യത ഉണ്ടായ കാര്യങ്ങള്‍ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര മന്ത്രി നിര്‍ദേശം നല്‍കി.
ബി പി എല്‍ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര മന്ത്രിയോട് സംസാരിച്ചു. നിലവില്‍ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം വരും. അക്കാര്യവും പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധന കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.