ഇന്ന് മിക്ക സ്ത്രീകളും ജോലിക്ക് പോകുന്നവരോ, ഉദ്യോഗാർത്ഥികളോ ആണ്. അതായത് വീട് നോക്കുന്നതിനൊപ്പം തന്നെ ജോലിയിലും ശ്രദ്ധ നൽകേണ്ട സാഹചര്യമാണ് മിക്ക സ്ത്രീകൾക്കുമുള്ളത്. വീട് നോക്കുക, അല്ലെങ്കിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നത് തന്നെ ഭാരിച്ച ജോലിയാണ്. പലപ്പോഴും രണ്ടിന്റെയും സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് സ്ത്രീകൾ പരാതിപ്പെടാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ കൃത്യമായി മനസിൽ വച്ച്, അതിന് അനുസരിച്ച് മുന്നോട്ട് പോകാനായാൽ ഒരു പരിധി വരെ കുടുംബവും ജോലിയും ഒരുമിച്ച് വിജയകരമായി കൊണ്ടുപോകാൻ സാധിക്കും.അതിനുള്ള ഉത്തമ ഉദാഹരണമാണ് രണ്ടര വയസ്സുകാരിയായ മകളുമായി നിറഞ്ഞ സദസ്സിലെത്തിയ തീരദേശ പൊലീസ് എഐജി ജി.പൂങ്കുഴലി.
2004ൽ തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നു പാസ് ഔട്ടായ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ, ‘അഴകോടെ ഇരുപത്–24’ ഉദ്ഘാടനം ചെയ്യാനാണ് രണ്ടര വയസ്സുകാരി അമിഴ്തിനിയുമായി പൂങ്കുഴലി വേദിയിലെത്തിയത്. മകളെ ഒക്കത്തിരുത്തിയായിരുന്നു പൂങ്കുഴലിലുടെ ഉദ്‌ഘാടനപ്രസംഗവും. ഇടയ്‌ക്ക് താഴെനിർത്തിയപ്പോൾ കരഞ്ഞുകൊണ്ട് വീണ്ടും അമ്മയുടെ ഒക്കത്തേറിയ അമിഴ്‌തിനിയെ സദസ്സ് കൈയടികളോടെ വരവേറ്റു.
അമ്മയുടെ ഒക്കത്തിരുന്ന രണ്ടര വയസ്സുകാരി അമിഴ്തിനിയും മകളുമായി സദസ്സിലെത്തിയ പൂങ്കുഴലിയും ചടങ്ങിൽ പങ്കെടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൗതുകമായിരുന്നു.അവധിദിനം ആയതിനാലും അനൗദ്യോഗിക പരിപാടി ആയതിനാലുമാണ് മകളെയും ഒപ്പം കൂട്ടിയത്. കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ചെലവിടാൻ ആകെ കിട്ടുന്നതു ഞായറാഴ്ചകളാണെന്ന മുഖവുരയോടെ പ്രസംഗം തുടങ്ങിയ പൂങ്കുഴലി പിന്നാലെ വനിതാ പൊലീസുകാർ കരിയറും കുടുംബവും ഒരുമിച്ചു കൊണ്ടു പോകാൻ സഹിക്കുന്ന ത്യാഗങ്ങളെ കുറിച്ചു വാചാലയായി.സാധാരണ വീടുകളിൽ വനിതകൾ ഏറ്റെടുക്കേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയാറില്ലെന്നും പൂങ്കുഴലി പറഞ്ഞു. മക്കളുടെയും കുടുംബത്തിന്റെയും പിന്തുണ വനിതാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിത വിജയത്തിനു പരമപ്രധാനമാണെന്നും പൂങ്കുഴലി പറഞ്ഞു.
ജോലിക്ക് പോകുന്ന പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ് രക്ഷാകർതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളിൽ വീഴ്ചകൾ സംഭവിക്കാതെ കരിയർ മുന്നോട്ട് കൊണ്ട് പോകുക എന്നത്. ശ്രമകരമായ ഈ ദൗത്യം ബുദ്ധിപരമായി നേരിടുകയല്ലാതെ ഏതെങ്കിലും ഒരു ഭാഗം ഉപേക്ഷിക്കുക പ്രായോഗികമല്ല എന്നതാണ് വാസ്തവം. കുഞ്ഞുങ്ങളുടെ പരിപാലനവും മാതാപിതാക്കളുടെ ജോലിയും സന്തുലിതാവസ്ഥയിൽ കൊണ്ട് പോകുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് തീരദേശ പൊലീസ് എഐജി ജി.പൂങ്കുഴലി.
തിരുവനന്തപുരം സിറ്റി സീനിയർ സിപിഒ വി ലത ചടങ്ങിൽ അധ്യക്ഷയായി. ബോൾഗാട്ടി പാലസ് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ജില്ലകളിൽനിന്നായി നൂറ്റി ഇരുപതിലധികംപേരാണ് പങ്കെടുത്തത്. വിരമിക്കുന്ന ഉദ്യോഗസ്ഥരെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്‌പി കെ ഇ ബൈജു ആദരിച്ചു. കൊച്ചി സിറ്റി ഡിസിപി കെ എസ് സുദർശൻ, എസിപി പി രാജ്കുമാർ എന്നിവർ സംസാരിച്ചു.
തൃശൂർ റൂറൽ എസ്‌സിപിഒ റീമ റാഫേൽ, തിരുവനന്തപുരം സിറ്റി എസ്‌സിപിഒമാരായ ആർ ഗിരിജ, എസ് മനോന്മണി, തിരുവനന്തപുരം റൂറൽ എസ്‌സിപിഒ അജിതകുമാരി, കാസർകോട് എസ്‌സിപിഒ ഷൈലജ എന്നിവർ സംസാരിച്ചു.358 പേരാണ് 2004ൽ ഏഴാംബാച്ചായി പരിശീലനം പൂർത്തിയാക്കിയത്. പലരും പരിശീലനത്തിനുശേഷം പരസ്‌പരം കാണുന്നതും ഇപ്പോഴാണ്. ‘റോയൽ സെവൻത് ബാച്ച്' വാട്സാപ് ഗ്രൂപ്പിലൂടെ കൂട്ടായ്‌മ നിലനിർത്തുന്ന ഇവർ ചികിത്സാസഹായം, അന്തരിച്ച സഹപ്രവർത്തകരുടെ മക്കൾക്ക് ധനസഹായം തുടങ്ങിയ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്.