കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അന്താരാഷ്ട്ര കോണ്‍ക്ലേവ് ഒക്ടോബര്‍ 4 മുതല്‍ 6 വരെ തിരുവനന്തപുരത്ത് നടക്കും.ലോഗോ നിയമസഭാ മീഡിയ ഹാളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പ്രകാശനം ചെയ്തു. ഒക്ടോബര്‍ നാല് മുതല്‍ ആറ് വരെ തിരുവനന്തപുരത്താണ് ജനറേറ്റീവ് എഐ ആന്റ് ദ ഫ്യൂച്ചര്‍ ഓഫ് എജ്യുക്കേഷന്‍, ജനറേറ്റീവ് എഐ ആന്‍ഡ് ഹയര്‍ എജ്യുക്കേഷന്‍ കോണ്‍ക്ലേവ് നടക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരിവര്‍ത്തന ശക്തി പ്രയോജനപ്പെടുത്താനാണ് ഈ മേഖലയിലെ വിദഗ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, നയരൂപകര്‍ത്താക്കള്‍, ഭരണകര്‍ത്താക്കള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സാധ്യതകളും വിദ്യാഭ്യാസത്തിലെ അതിന്റെ പ്രയോഗവും പര്യവേക്ഷണം ചെയ്യുന്നതില്‍ മുന്‍കൈയെടുക്കുന്നതിലൂടെ, അത്യാധുനിക സാങ്കേതികവിദ്യകളുടെയും അക്കാദമിക് മുന്നേറ്റങ്ങളുടെയും കേന്ദ്രമെന്ന നിലയില്‍ കേരളത്തിന് സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.