സംസ്ഥാനത്തെ എ ഐ കാമറ പദ്ധതികളില്‍ അഴിമതിയുണ്ടെന്ന ഹരജിയില്‍ ഉത്തരവുമായി ഹൈക്കോടതി. കാമറകള്‍ സ്ഥാപിച്ച ഇനത്തില്‍ കെല്‍ട്രോണിന് രണ്ട് ഗഡു നല്‍കാന്‍ കോടതി അനുമതി നല്‍കി. എന്നാല്‍, പണം നല്‍കിയാലും ചെലവഴിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് അഴിമതി ആരോപിച്ച് ഹരജി നല്‍കിയത്. കെല്‍ട്രോണിന് ആദ്യ രണ്ട് ഗഡുക്കളുടെ തുക നേരത്തെ നല്‍കിയിരുന്നു. മൂന്നും നാലും ഗഡു കൂടി അനുവദിക്കാനാണ് കോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം. കെല്‍ട്രോണിന് തുക കൈമാറുന്നത് കോടതി നേരത്തെ വിലക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ച് മുതലാണ് എ ഐ കാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്താന്‍ തുടങ്ങിയത്. മൂന്ന് മാസത്തിലൊരിക്കല്‍ കാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നല്‍കാനായിരുന്നു ധാരണ. പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു.കാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു നല്‍കിയിരുന്നില്ല. ഹൈക്കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് ആദ്യ ഗഡുവായ 9.39 കോടി നല്‍കിയത്.