പാലക്കാട്ട് ഇന്‍ഡി മുന്നണിക്കെതിരേ; എന്നാലും ജയിക്കും: സുരേന്ദ്രന്‍

കഴിഞ്ഞ തവണ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ കൂടുതല്‍ ശ്രമിച്ചത് സിപിഐഎമ്മാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും ഒരുമിച്ച് വന്നാലും എന്‍ഡിഎ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

author-image
Prana
New Update
k surendran new

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ കൂടുതല്‍ ശ്രമിച്ചത് സിപിഐഎമ്മാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും ഒരുമിച്ച് വന്നാലും എന്‍ഡിഎ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാലക്കാടില്‍ ഒരു ആശങ്ക മാത്രമേയുള്ളു. പതിവ് പോലെ എല്‍ഡിഎഫിന്റെ വോട്ടുകള്‍ യുഡിഎഫിന് മറിച്ചു കൊടുക്കുമോയെന്ന ആശങ്കയുണ്ട്. ഞങ്ങള്‍ വോട്ടര്‍മാരെ അത് ബോധ്യപ്പെടുത്തി കഴിഞ്ഞു. പാലക്കാട് ഇന്‍ഡി മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ സിപിഎമ്മുകാരാണ് കൂടുതല്‍ ശ്രമിച്ചത്. ഇത്തവണയും ആത്മഹത്യാപരമായ നിലപാടിന് സിപിഎം തയ്യാറാകുമോയെന്ന കാര്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. രണ്ട് പേരും ഒരുമിച്ച് വന്നാലും എന്‍ഡിഎ പാലക്കാട് വിജയം നേടുമെന്നതില്‍ സംശയമില്ല', കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ശരിയായ മൂന്നാം ബദല്‍ ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് പേരുടെ പട്ടിക അയച്ചിട്ടുണ്ട്. ഈ പട്ടികയില്‍പ്പെട്ട ഒരാള്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതിനേക്കാള്‍ അപ്പുറമൊരാള്‍ വേണമെങ്കില്‍ ദേശീയ നേതൃത്വത്തിന് തീരുമാനിക്കാമെന്നും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ബിജെപിക്കകത്ത് ഒരു തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വെറുതെ ചില പ്രചരണങ്ങള്‍ നടത്തുകയാണെന്നും ചില തത്പര കക്ഷികള്‍ ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ നമ്മള്‍ നല്‍കിയ പട്ടികയില്‍ നിന്നല്ല സ്ഥാനാര്‍ത്ഥി വന്നത്. കേന്ദ്ര നേതൃത്വത്തിന് എന്ത് തീരുമാനം വേണമെങ്കിലുമെടുക്കാം. ഞമ്മള്‍ സര്‍വ സ്വതന്ത്രമായാണ് ഇക്കാര്യത്തെ സമീപിക്കുന്നത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ് പ്രകാരമാണ് ലിസ്റ്റ് നല്‍കിയത്', കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പും അടുത്ത മാസം 13ന് നടക്കും. വോട്ടെണ്ണല്‍ 23നാണ് നടക്കുന്നത്.

BJP palakkad election k surendran