തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല സ്വദേശിനി ചിത്ര(37), മുള്ളുവിള സ്വദേശിനി ശരണ്യ(27) എന്നിവർ മെഡിക്കൽ ന്യൂറോ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. നിലവിൽ മൂന്നുപേർ ചികിത്സയിലുണ്ട്. മൂന്നുപേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞദിവസം നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുതുതായി ചികിത്സയിലുള്ള രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. നാവായിക്കുളം പഞ്ചായത്തിലെ മാടൻകാവ് കുളത്തിൽ വിദ്യാർഥിക്കൊപ്പം കുളിച്ച രണ്ടു കൂട്ടുകാരും മറ്റൊരാളും നിരീക്ഷണത്തിലാണ്. രോഗം ബാധിച്ച് ഒന്നര മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 10 പേർ രണ്ടാഴ്ച മുൻപാണ് രോഗമുക്തരായത്. നെയ്യാറ്റിൻകര, പേരൂർക്കട, നാവായിക്കുളം സ്വദേശികൾക്കാണ് രോഗബാധയുണ്ടായത്.
കേരളത്തിൽ ഈ വർഷം 19 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 15 പേർ രോഗമുക്തരായി. ജൂലായ് അവസാനം മരിച്ച നെയ്യാറ്റിൻകര സ്വദേശി അഖിലിനാണ് ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ആദ്യമാണ് നെയ്യാറ്റിൻകര സ്വദേശികൾ ആശുപത്രിയിൽ ചികിത്സ തേടിയത്.