കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായവരുടെ സംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്.
വനമേഖലയിലെ കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും പ്രകൃതിചൂഷണവുമെല്ലാം ഈ ദുരന്തത്തിനു പിന്നിലുണ്ട്. ഈ ദാരുണസംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ദേശീയമാധ്യമങ്ങളിലും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ ചർച്ചയാവുകയാണ്.
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.
ഇതിനുപിന്നാലെയാണ് 2020 ഓഗസ്റ്റ് ആറിന് പെട്ടിമുടി ദുരന്തത്തിന് കേരളം സാക്ഷിയാകുന്നത്. 66 പേരുടെ ജീവനാണ് പെട്ടിമുടി ദുരന്തത്തിൽ നഷ്ടമായത്. ഈ ദുരന്തത്തെ തുടർന്ന് മാധവ് ഗാഡ്ഗിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
‘എന്നെ തള്ളി പറഞ്ഞവർ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവിൽ ഇറക്കപ്പെട്ട പാവങ്ങൾ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ ഒന്ന് വിശ്വസിക്കൂ,’ എന്നയിരുന്നു ഗാഡ്ഗിലിന്റെ പ്രതികരണം.നിലവിൽ ഗാഡ്ഗിലിന്റെ ഈ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.അതേസമയം പുത്തുമല ദുരന്തം അഞ്ച് വർഷത്തോടടുക്കാൻ ഒരാഴ്ച ബാക്കിനിൽക്കേയാണ് വയനാട്ടിൽ മറ്റൊരു ദുരന്തം കൂടി ഉണ്ടായത്.
എന്നാൽ, കേരളത്തിൽ ഏതെങ്കിലും പ്രകൃതി ദുരന്തം നടന്നാൽ ഗാഡ്ഗിലിന്റെ വാക്കുകൾ ചർച്ചയാക്കുന്നത് ശരിയല്ലെന്നും പരിസ്ഥിതി ദുരന്തങ്ങളുടെയെല്ലാം മൂല കാരണം പശ്ചിമഘട്ടം തകർക്കപ്പെട്ടിരിക്കുന്നതിനാലാണെന്ന പ്രചരണം തെറ്റാണെന്നും ചിലർ വാദിക്കുന്നു. ആഗോളതാപനവും അതുമൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവുമാണ് ഇതിനുപിന്നിൽ. ഇതൊന്നും മലയാളിയുടെ സംഭാവനയോ, കൈയിൽ നിൽക്കുന്ന കാര്യമോ അല്ലെന്നും ഇവർ വ്യക്തമാക്കുന്നു.
ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്ന പരിസ്ഥിതി ലോല മേഖലകളിൽ നിരോധിക്കേണ്ട പ്രവർത്തനങ്ങൾ ഉങ്ങനെയാണ്:
- പശ്ചിമഘട്ടത്തിൽ ജനിതകമാറ്റം വരുത്തിയ വിളകൾ പാടില്ല.
- മൂന്നു വർഷം കൊണ്ട് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കണം.
- പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹിൽ സ്റ്റേഷനുകളും അനുവദിക്കരുത്.
- പൊതു ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യമാക്കരുത്.
- പുതിയ കയ്യേറ്റങ്ങൾ അനുവദിക്കരുത്.
- വനഭൂമി വനേതര ആവശ്യങ്ങൾക്കും കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കും വകമാറ്റരുത്.
- പരിസ്ഥിതി സൗഹാർദമായ കെട്ടിടനിർമാണ മാർഗ നിർദേശങ്ങൾ ഉണ്ടാക്കണം.
- പ്രാദേശിക ജൈവ വിഭവങ്ങൾ ഉപയോഗിച്ചുള്ള വ്യവസായങ്ങൾ പ്രോൽസാഹിപ്പിക്കണം.
- നിയമവിരുദ്ധ ഖനനം അടിയന്തരമായി നിർത്തണം. ജല വിഭവ പരിപാലനം വികേന്ദ്രീകരിക്കണം.
- ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തിൽ ജലത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തണം.
- രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം ക്രമേണ ഒഴിവാക്കി, ജൈവകൃഷി പ്രോൽസാഹിപ്പിക്കണം.
- ജൈവ കൃഷിയിലേക്കു മാറുന്ന ഘട്ടത്തിൽ കർഷകർക്കു സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കണം.
- രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിർമിക്കാൻ സഹായം നൽകണം.
- തീവ്ര, അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങൾ ഉപേക്ഷിക്കണം. സൗരോർജ ഉപയോഗം പ്രോൽസാഹിപ്പിക്കണം.
- വികേന്ദ്രീകൃത ഊർജാവശ്യങ്ങൾക്കു ജൈവ മാലിന്യ/സോളർ ഉറവിടങ്ങൾ ഉപയോഗിക്കണം.
- സ്വാഭാവിക കാലാവധി അതിക്രമിച്ച താപനിലയങ്ങളും ഡാമുകളും ഘട്ടംഘട്ടമായി ഡിക്കമ്മിഷൻ ചെയ്യണം.
- സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണം.
- വനാവകാശ നിയമത്തിനു കീഴിൽ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കണം.
- പുതുതായി ഖനനത്തിന് അനുമതി നൽകരുത്.
2018 ഓഗസ്റ്റിൽ കേരളം നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ ആടിയുലഞ്ഞപ്പോഴും ഉപദേശ നിർദേശങ്ങളുമായി ഗാഡ്ഗിൽ രംഗത്തെത്തിയിരുന്നു. ഏറ്റവും ദൗർഭാഗ്യകരമായ ദുരന്തമാണ് കേരളത്തിൽ സംഭവിച്ചതെന്നും ഇതു മറികടക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.