കണ്ണൂര്‍: ആരോപണങ്ങൾക്ക് പിന്നാലെ ആത്മഹത്യ ചെയ്ത എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ കണ്ണൂരില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പത്തനംതിട്ടയിലേക്ക് പോയത്. വ്യാഴാഴ്ച മൊഴിയെടുക്കും.
ഇത് രണ്ടാം തവണയാണ് കുംടുംബത്തിന്റെ മൊഴിയെടുക്കുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസം അന്വേഷണസംഘം പത്തനംതിട്ടയില്‍ എത്തിയിരുന്നു. കുടുംബം വലിയ മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചില്ല. നവീന്‍ ബാബുവിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞതോടെ കുടുംബത്തിന് പറയാനുള്ള കൂടുതല്‍ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.
അതേസമയം, ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും അതിന് തെളിവായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും മഞ്ജുഷ വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യങ്ങള്‍ കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ വന്നെന്നാണ് കുടുംബം പറയുന്നത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കുടുംബത്തിന്റെ മൊഴിയെടുക്കാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരനും അഭിഭാഷകനുമായ കെ. പ്രവീണ്‍ ബാബു, സുഹൃത്തുകള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.