തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തിൽ അന്വേഷണം.ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.എഡിജിപിക്കെതിരെ പിവി എൻവർ എംഎൽഎ ആരോപണം ഉയർത്തി 20 ദിവസത്തിന് ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകി.
എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്.
ആര്എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് അജിത് കുമാർ നേരത്തെ സമ്മതിച്ചിരുന്നു. സ്വകര്യ സന്ദർശനം ആയിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിൽ പറയുന്നത്. ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയത്.പാറമേക്കാവ് വിദ്യാമന്ദിർ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു ജനറൽ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ച. തൃശ്ശൂർ പൂരം കലക്കാൻ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചിരുന്നു.
ഔദ്യോഗിക വാഹനം ഒഴിവാക്കി ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശ്ശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അവിടെ എത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആർഎസ്എസിന്റെ പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മെയ് 22 ന് എഡിജിപി എത്തിയത്.