എ.ഡി.ജി.പി അജിത് കുമാര്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സന്ദര്‍ശിച്ചു

എസ്.പി സുജിത് ദാസിനും പി.വി അന്‍വര്‍ എംഎല്‍എക്കുമെതിരെ അജിത് കുമാര്‍ പരാതിപ്പെട്ടതായാണ് സൂചന. സുജിത് ദാസിന്റെയും അന്‍വറിന്റെയും ഫോണ്‍ സംഭാഷണത്തില്‍ എ.ഡി.ജി.പി നേരത്തെ ഡിജിപി ക്ക് കത്ത് നല്‍കിയിരുന്നു

author-image
Prana
New Update
ajith kumar
Listen to this article
0.75x 1x 1.5x
00:00 / 00:00

പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ വിവാദ ആരോപണങ്ങള്‍ക്കിടെ എ.ഡി.ജി.പി അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിനേയും കണ്ടു. എസ്.പി സുജിത് ദാസിനും പി.വി അന്‍വര്‍ എംഎല്‍എക്കുമെതിരെ അജിത് കുമാര്‍ പരാതിപ്പെട്ടതായാണ് സൂചന. സുജിത് ദാസിന്റെയും അന്‍വറിന്റെയും ഫോണ്‍ സംഭാഷണത്തില്‍ എ.ഡി.ജി.പി നേരത്തെ ഡിജിപി ക്ക് കത്ത് നല്‍കിയിരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറാണെന്ന ആരോപണം പി.വി അന്‍വര്‍ ഉന്നയിച്ചിരുന്നു. സുരേഷ് ഗോപിയും അജിത് കുമാറും തമ്മില്‍ അടുത്ത ബന്ധമുള്ളവരാണെന്നും തൃശൂരില്‍ ഒരു കേസുമായി ബന്ധപ്പെട്ട് എം.ആര്‍ അജിത്കുമാറിനെ സുരേഷ് ഗോപി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവരൊക്കെ കമ്മികള്‍ അല്ലെ എന്നാണ് പരാതിക്കാരെക്കുറിച്ച് അജിത്കുമാര്‍ സുരേഷ് ഗോപിയോട് പറഞ്ഞതെന്നുമായിരുന്നു അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ക്രമസമാധാന ചുമതലയുള്ള അജിത്കുമാറിനെതിരേ നേരത്തെയും ആരോപണവുമായി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കാനാണ് അജിത് കുമാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. എം.എല്‍.എമാരെയും പൊതു പ്രവര്‍ത്തകരെയും ബഹുമാനിക്കരുത് എന്ന നിര്‍ദേശം അജിത് കുമാര്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ടെന്നും പൊതുജന വികാരം സര്‍ക്കാറിന് എതിരെ തിരിച്ച് വിടാന്‍ അജിത് കുമാര്‍ ശ്രമിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിലെ മരം മുറിയിലും അന്‍വര്‍ ആരോപണമുന്നയിച്ചിരുന്നു.

അതേസമയം പത്തനംതിട്ട എസ്.പി സുജിത്ത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം പരാതി നല്‍കി. മരം മോഷണം ഒതുക്കി തീര്‍ക്കാന്‍ പരാതിക്കാരനെ സ്വാധീനിച്ച എസ്.പിയെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യം.

cm pinarayivijayan adgp m r ajith kumar DGP Dr Shaik Darvesh Saheb