കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയരുന്ന വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ അഡാസ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ സർക്കാർ സജീവമായി ആലോചിക്കുന്നു. വാഹനങ്ങളിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അഥവാ അഡാസ് വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. അഡാസ് സ്ഥാപിച്ച ബസുകളിലെ അപകട സാദ്ധ്യത മറ്റുള്ളവയേക്കാൾ 41 ശതമാനം കുറവാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അഡാസുള്ള ബസുകളിലെ ഡ്രൈവർമാർ ഡ്രൈവിംഗിൽ അധിക ജാഗ്രത പുലർത്തുന്നുവെന്ന് 'ഐരാസ്തെ' നാഗ്പൂരിന്റെ പഠനത്തിൽ പറയുന്നു.
മണിക്കൂറിൽ 53 റോഡപകടങ്ങളും 19 മരണങ്ങളുമാണ് ഇന്ത്യയിൽ നടക്കുന്നത്. അപകടം നേരിടുന്നതിൽ 43 ശതമാനവും ഇരുചക്രവാഹന യാത്രക്കാരാണ്. 20 ശതമാനം കാൽനടയാത്രക്കാരും. ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം കൂടുന്നു. സർക്കാരിനെയും ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളെയും വെട്ടിലാക്കുന്ന ഈ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സർക്കാരുകൾ പല വഴികളും നോക്കാറുണ്ടെങ്കിലുംകാര്യമായ ഗുണമുണ്ടാകുന്നില്ല. എന്നാൽ, വാഹനയാത്രികർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) സഹായിക്കുമെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി നാഗ്പൂർ നഗരസഭയും സി.എസ്.ഐ.ആർ-സി.ആർ.ആർ.ഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.എൻ.എ.ഐ, ഐ.ഐ.ടി ഹൈദരാബാദ്, ഇന്റൽ എന്നിവർ ചേർന്നുള്ള പദ്ധതിയാണ് 'ഐരാസ്തെ' നാഗ്പൂർ.
അടാറാണ് അഡാസ്
അപകട സാദ്ധ്യത ഡ്രൈവർമാരെയും വാഹന നിർമ്മാതാക്കളെയും മുൻകൂട്ടി അറിയിക്കും
ഇത് വാഹനങ്ങൾ കരുതലോടെ കൈകാര്യം ചെയ്യാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കും.
റോഡപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
നഗരങ്ങളിലെ സ്വകാര്യബസുകളിൽ അഡാസ് അപകടങ്ങൾ 50 ശതമാനം വരെ കുറയ്‌ക്കും