എണ്‍പതുകളില്‍ മലയാള സിനിമയില്‍ സൂപ്പര്‍ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സംവിധായകന്‍ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ചാണ് സംഭവം നടന്നതെന്ന് ആലപ്പി അഷറഫ് പറയുന്നു. അഷറഫ് തന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
കേരളത്തിനകത്തും പുറത്തും പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആര്‍ട്‌സ് വിജയന്‍ ആണ് നടിയെ അന്ന് ന്യൂയോര്‍ക്കില്‍ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താന്‍ ഇപ്പോള്‍ ഇത് തുറന്നു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
''മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയില്‍ എത്തിച്ചത് ഞാനായിരുന്നു, 1982ല്‍. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേര്‍ന്ന ഒരു ചെറിയ ഗ്രൂപ്പ് അമേരിക്കയില്‍ പോയി പ്രോഗ്രാം അവതരിപ്പിച്ചു വലിയ വിജയവും ആയിരുന്നു. അതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് താരാ ആര്‍ട്‌സ് വിജയനായിരുന്നു. ഞങ്ങള്‍ വിജയേട്ടാ എന്ന് സ്‌നേഹപൂര്‍വം വിളിക്കാറുള്ള ആള്‍. അദ്ദേഹം തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറ വരെ പ്രോഗ്രാം എല്ലാവര്‍ഷവും നടത്താറുണ്ട്. ഞാനിവിടെ പറയാന്‍ പോകുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടന്‍ മാത്രമാണ്. മലയാളത്തില്‍ നസീര്‍ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവര്‍, അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. ഞാനൊക്കെ അവരുടെ വലിയ ഫാന്‍ ആയിരുന്നു''. ആലപ്പി അഷറഫ് പറഞ്ഞു.