കാസ്റ്റിങ് കൗച്ച് മുൻപും നിലനിന്നിരുന്നതായി നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഇപ്പോൾ പലരും ഇക്കാര്യം തുറന്നു പറയുന്നു. മുൻപ് സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടിരുന്നു. ഇന്ന് 'കോംപ്രമൈസ്', 'അഡ്ജസ്റ്റ്മെന്റ്' എന്നീ വാക്കുകൾ സാധാരണമായി.
ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പവർ ഗ്രൂപ്പിന്റെ ഭാഗമായുള്ളവർക്ക് കാരവാൻ ഉണ്ടാകും. നടിമാർക്ക് ശുചിമുറികൾ പോലും ലൊക്കേഷനിൽ ഇല്ല. ഒരു പിവിസി പൈപ്പിൽ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ നൽകുന്നത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ടിൽ ശാരദ നിർദേശിച്ചു.
സെറ്റിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും തന്റെ കണ്ടെത്തലായി ശാരദ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാത്രിയിൽ നടിമാർ താമസിക്കുന്ന മുറികളുടെ വാതിൽ മുട്ടുന്നത് പതിവാണ്. മലയാള സിനിമാമേഖലയിലെ ലൈംഗികചൂഷണ വിവരങ്ങൾ വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.