കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത.ദിലീപ് മെമ്മറി കാർഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് അതിജീവിതയുടെ ഹർജി. അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് വേണമെന്നാണ് ഹർജിയിൽ അതിജീവിത ആവശ്യപ്പെട്ടത്.
അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി ദിലീപിനെ എതിർകക്ഷി സ്ഥാനത്ത് നിന്നും മാറ്റണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.തനിക്ക് ലഭിക്കേണ്ട നിയമപരമായ അവകാശത്തെ ദിലീപ് എതിർക്കുന്നുവെന്നും മെമ്മറി കാർഡ് അന്വേഷണത്തിൽ ദിലീപ് കക്ഷി ആകേണ്ടതില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടികാട്ടുന്നു.
മെമ്മറി കാർഡ് അന്വേഷണത്തിൽ രൂക്ഷ വിമർശനമാണ് അതിജീവിത ഉന്നയിക്കുന്നത്. മെമ്മറി കാർഡ് അന്വേഷണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്. അന്വേഷണത്തിൽ തന്റെ ഭാഗം കേട്ടില്ല. അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചത് ബോധപൂർവ്വമെന്നും ഇത് കോടതി അലക്ഷ്യമെന്നും അതിജീവിത ഹർജിയിൽ വിമർശിക്കുന്നുണ്ട്.
കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനുമതിയില്ലാതെ പരിശോധിച്ചതിൽ ജില്ലാ സെഷൻസ് ജഡ്ജി ഹണി എം വർഗീസായിരുന്നു അന്വേഷണം നടത്തിയത്. തുടർന്ന് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.ഇതിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും, ലഭ്യമാക്കണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം.