കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ ഡിജിറ്റൽ തെളിവുകൾ ചോർന്നതിന് പിന്നാലെ സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി തീർപ്പാക്കി. കീഴ്‌കോടതികളിൽ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ മാർഗരേഖകൾ സർക്കുലർ ആയി ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി. ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലായിരുന്നു സർക്കാർ ഉപഹർജി സമർപ്പിച്ചത്.
അത്തരം മാർഗനിർദ്ദേശങ്ങൾ പല കീഴ്‌കോടതികളിലും എത്തിയിട്ടില്ലെന്നും ഇതിനാൽ ഹൈക്കോടതി സർക്കുലർ ഇറക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സെഷൻസ്, മജിസ്ട്രേറ്റ് കോടതികൾക്ക് സർക്കുലർ ബാധകമാക്കണമെന്നും ഉപഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് വിഷയത്തിൽ കോടതി രജിസ്ട്രാറുടെ വിശദീകരണം തേടി.
ഇന്ന് കേസ് പരിഗണിച്ച കോടതിയിൽ ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ജില്ലാ ജഡ്ജിമാർ, പൊലീസ് മേധാവി എന്നിവർക്ക് കൈമാറിയതായി രജിസ്ട്രാർ അറിയിച്ചു. വിഷയത്തിൽ സ്വമേധയാ ഇടപെടുന്നുണ്ടെന്ന് സിംഗിൾ ബെഞ്ചും വ്യക്തമാക്കി.
വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിയും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഉപഹർജി ഹൈക്കോടതി തീർപ്പാക്കിയത്. മാർഗനിർദേശങ്ങൾ നടപ്പാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയതായി സർക്കാരും അറിയിച്ചു.
അതേസമയം, ഡിജിറ്റൽ തെളിവുകൾ ചോർന്നതുമായി ബന്ധപ്പെട്ട് നടി നൽകിയ ഹർജി നാളെ ഹൈക്കോടതിയുടെ റഗുലർ ബെഞ്ച് പരിഗണിക്കും. നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മജിസ്ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.