കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിനെതിരെ പരാതിക്കാരിയായ നടി. പോലീസ് സംഘം തന്റെ സ്വകാര്യത നശിപ്പിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തെന്നും പാസ് വേഡ് നശിപ്പിച്ചെന്നും അവർ പറഞ്ഞു.
നടന്മാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു എന്നിവർക്കെതിരെ പരാതി നൽകിയ നടിയാണ് ഇപ്പോൾ അന്വേഷണസംഘത്തിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തോട് എല്ലാ രീതിയിലും സഹകരിച്ചു കൊണ്ടിരിക്കുകയാണെന്ന് നടി പറഞ്ഞു. എന്നാൽ പോലീസ് സംഘം തന്നോട് ചെയ്യുന്നത് അൽപ്പം കൂടുതലാണെന്നും അവർ വ്യക്തമാക്കി.
"എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ അവർ ഇടപെടുകയാണ്. എന്റെ കയ്യിലുള്ള എല്ലാ വിവരങ്ങളും അവർക്ക് കൊടുത്തു. ഫോണിൽനിന്നും ലാപ് ടോപ്പിൽനിന്നും കമ്പ്യൂട്ടറിൽനിന്നെല്ലാമുള്ള വിവരങ്ങൾ അവരെടുത്തു. എല്ലാം എടുത്തോട്ടേ. എന്റെ ഫെയ്സ്ബുക്ക് ആക്സസ് അവരില്ലാതാക്കിക്കളഞ്ഞിരിക്കുന്നു എന്നതാണ് സങ്കടം. ഞാൻ പൊതുജനങ്ങളുമായി ഇടപെടുന്നത് ഇല്ലാതാക്കിയിരിക്കുകയാണ്. എനിക്കൊരു സ്വകാര്യതവേണ്ടേ? സമാധാനത്തോടെ ജീവിക്കുന്ന വീടാണ്. ഇവർ എന്നും കയറിവന്നാൽ ഞാനെന്തുചെയ്യും?" അവർ ചോദിച്ചു.
അന്വേഷണസംഘം സ്ഥിരം വീട്ടിൽ വരുന്നതുകൊണ്ട് മകൻ റൂമിൽ കയറിയിരിക്കുകയാണ്. മകനും സ്വകാര്യത കിട്ടുന്നില്ല. ഇവിടെ എന്തെല്ലാം വൃത്തികെട്ട കളികളാണ് നടക്കുന്നതെന്ന് മനസിലായി. പരാതിയിൽ ഒരു മാറ്റവുമില്ല, അതിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ അന്വേഷണസംഘത്തിന്റെ ഉപദ്രവം ഇനി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അവർ പറഞ്ഞു.