തിരുവനന്തപുരം: നടൻ സിദ്ദിഖ് ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിനോട് സഹകരികരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് സിദ്ദിഖിനെ എസ്പി മെറിന്‍ ജോസഫാണ് ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
സുപ്രീം കോടതിയുടെ ഇടക്കാല വിധിയെ തുടര്‍ന്നാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. എന്നാല്‍, ചോദ്യങ്ങളോട് വ്യക്തമായ മറുപടി പറയാതിരുന്നതിനാലും രേഖകള്‍ ഹാജരാക്കാതിരുന്നതിനാലും ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ സിദ്ദിഖിനെ മൂന്ന് മണിക്കൂറോളം എസ്.പി. മെറിന്‍ ജോസഫ് ചോദ്യം ചെയ്തു.
ഇത്തവണയും സിദ്ദിഖ് അന്വേഷണത്തിനോട് സഹകരിക്കുന്നില്ല എന്നതാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സിദ്ദിഖിനോട് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിദ്ദിഖ് സഹകരിക്കാത്ത പക്ഷം വിഷയം സുപ്രീം കോടതിയെ അറിയിക്കാനാണ് തീരുമാനം. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നായിരുന്നു സിദ്ദിഖ് അവകാശപ്പെട്ടിരുന്നത്. അവ ഹാജരാക്കണമെന്ന് കഴിഞ്ഞ തവണ സിദ്ദിഖിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഹാജരായപ്പോള്‍ അവ കൈവശമില്ലെന്നാണ് സിദ്ദിഖ് അറിയിച്ചത്.
2016 മുതലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ തന്റെ കൈവശമുണ്ടെന്നായിരുന്നു സിദ്ദിഖ് പറഞ്ഞിരുന്നത്. മാത്രമല്ല തന്റെ പക്കല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങളുണ്ടായിരുന്നു. ഇതടക്കമുള്ള ഇലക്ട്രോണിക് രേഖകള്‍ ഉണ്ടൈന്ന് പറഞ്ഞെങ്കിലും അതുള്‍പ്പെട്ട ഫോണുകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. 2016-17 കാലത്തെ ക്യാമറയും ഐപാഡ്, ഫോണ്‍ എന്നിവ ഇപ്പോള്‍ തന്റെ കൈവശമില്ലെന്നാണ് ശനിയാഴ്ച ഹാജരായപ്പോള്‍ സിദ്ദിഖ് അറിയിച്ചത്. അതെവിടെയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന നിലപാടാണ് സിദ്ദിഖ് സ്വീകരിച്ചത്.
അതോടൊപ്പം, അന്നത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ഹാജരാക്കിയില്ല. ഇന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടന്നില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണവുമായി താന്‍ സഹകരിക്കുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കുന്നതിന് മുമ്പുതന്നെ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് സിദ്ദിഖ് ആദ്യം തന്നെ രംഗത്തു വന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ തവണ വിളിച്ചുവരുത്തിയപ്പോഴാണ് രേഖകളുടെ കാര്യം സിദ്ദിഖ് അറിയിച്ചത്. തുടര്‍ന്ന് അവ ഹാജരാക്കാനായി അവസരം നല്‍കി.
ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. ഇടക്കാല വിധിയുള്ളതിനാല്‍ അറസ്റ്റ് ചെയ്താലും സിദ്ദിഖിനെ ജാമ്യത്തില്‍ വിടേണ്ടി വരും. അടുത്ത തവണ കേസ് കോടതി പരിഗണിക്കുമ്പോള്‍ സിദ്ദിഖിനെതിരെ ശക്തമായി നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.