ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലെ വ്ലോഗിലാണ് കൃഷ്ണ കുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കളിയാക്കികൊണ്ട് സംസാരിച്ചത്. ‘‘നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,’’ എന്നാണ് വീട്ടിലെ ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കൃഷ്ണകുമാർ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നത്. സിന്ധു കൃഷ്ണകുമാറും സമാനമായ പ്രതികരണമാണ് വിഡിയോയിൽ നടത്തുന്നത്.
ഓഗസ്റ്റ് 19ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊട്ടിപുറപ്പെട്ട സ്ത്രീ വിരുദ്ധ-പരിഹാസ ട്രോളുകളുടെ രൂപത്തിലാണ് കൃഷ്ണകുമാറിന്റെയും കമന്റെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഗൗരവസ്വഭാവമുള്ള വിഷയത്തെ അവഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരമെന്നും അഭിപ്രായങ്ങളും. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച നടനെതിരെ കടുത്ത നടപടി വേണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം.
മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇതേ വിഡിയോയിൽ കൃഷ്ണകുമാർ സംസാരിക്കുന്നുണ്ട്. ഇന്ത്യയിൽ നിരവധി സ്ത്രീ നേതാക്കളുണ്ടെന്നും അടുത്ത നൂറ്റാണ്ട് സ്ത്രീകളുടേതാകുമെന്നെല്ലാം പറഞ്ഞതിന് പിന്നാലെയാണ് കൃഷ്ണകുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിക്കുന്ന നിലയിൽ സംസാരിച്ചിരിക്കുന്നത്.