കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കർശൻ ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. മുൻ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ പരാമർശങ്ങൾ നടത്താൻ പാടില്ല, അവരെ ബന്ധപ്പെടാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തെ ബാലയുടെ അഭിഭാഷക അറിയിച്ചിരുന്നു.
തന്നെ അറസ്റ്റ് ചെയ്തതിൽ വേദനയില്ലെന്നും എന്നാൽ സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോൾ വേദനയുണ്ടെന്നും നടൻ ബാല പറഞ്ഞു. മുൻഭാര്യയുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തുവന്നതിന് പിന്നാലെയാണു പ്രതികരണം. ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് ഇപ്പോൾ അറസ്റ്റ് ചെ്യതതെന്ന് മനസ്സിലാകുന്നില്ലെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ബാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘‘മൂന്ന് ആഴ്ചയായി ഈ വിഷയത്തിൽ പ്രതികരണമൊന്നും ഞാൻ നടത്തിയിട്ടില്ല. ഞാൻ അക്കാര്യത്തിൽ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോൾ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിന് വേണ്ടിയാണ് ഇതെന്ന് നിങ്ങൾ തീരുമാനിക്കൂ. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകും’’– ബാല പറഞ്ഞു.