കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ കാർ കയറ്റിയിറക്കി യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീക്കുട്ടിയുടെയും അജ്മലിൻ്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചിനാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നൽകാൻ പാടില്ലെന്നും രണ്ട് മണിക്കൂർ കസ്റ്റഡിയിൽ നൽകണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അപകടത്തിന് ശേഷം പ്രതികൾ വാഹനവുമായി രക്ഷപ്പെട്ടതിന് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടോയെന്നതിലായിരുന്നു പ്രധാനമായുo കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ. രണ്ടു സംഘങ്ങളായി തിരിഞ്ഞുള്ള ചോദ്യം ചെയ്യലിൽ പ്രതികളായ അജ്മലിൻ്റെയും ഡോക്ടർ ശ്രീക്കുട്ടിയുടേയും ലഹരി ഉപയോഗം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പൊലീസ് ലഭിച്ചുവെന്നാണ് വിവരം. ചോദ്യം ചെയ്യലിനോട് പ്രതികൾ സഹകരിക്കുന്നുണ്ടെങ്കിലും മൊഴികളിൽ വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്.
അതേസമയം കേസിലെ പ്രതികളുടെ മൊഴി റിപ്പോർട്ടറിന് ലഭിച്ചിരുന്നു. ട്രാപ്പിൽ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. 13 പവൻ സ്വർണ്ണഭരണങ്ങളും 20,000 രൂപയും അജ്മലിന് നൽകിയെന്നും മദ്യം കുടിക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നുവെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. അജ്മലിന്റെ സമ്മർദത്തെ തുടർന്നാണ് മദ്യം കുടിച്ചത്. താൻ പെട്ടുപോയതാണെന്നുമായിരുന്നു ശ്രീക്കുട്ടി നൽകിയ മൊഴി.
മുഖ്യമന്ത്രിയെ ഒപ്പമുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നു, പി ശശിക്ക് സ്വർണക്കടത്തിൽ പങ്ക്; തുറന്നടിച്ച് അൻവർ
എന്നാൽ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നൽകിയതെന്നാണ് അജ്മൽ പറഞ്ഞത്. 'മനപ്പൂർവ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. വാഹനം നിർത്താൻ നാട്ടുകാർ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി,' അജ്മൽ പൊലീസിന് നൽകിയ മൊഴി. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നും അജ്മൽ പറഞ്ഞിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയിൽ അപകടമുണ്ടായത്. സ്‌കൂട്ടറിൽ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.