ബംഗളൂരു തീവ്രവാദക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ കേരളത്തിലെത്തി. നസീറിന് ബംഗളൂരു കോടതി ഒരാഴ്ചത്തേക്ക് പരോൾ അനുവദിച്ചതിന്റെ ഭാഗമായാണ് അദേഹം കനത്ത സുരക്ഷയോടെ കണ്ണൂർ എത്തിയിരിക്കുന്നത്.
നസീറിന്റെ പിതാവ് മരക്കാർക്കണ്ടിയിലെ അബ്ദുൾ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോൾ കോടതി അനുവദിച്ചിരിക്കുന്നത്. തീവ്രവാദ കേസിലെ പ്രതിയായതിനാൽ മരക്കാർക്കണ്ടിയിലെ വീട്ടുപരിസരത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പട്രോളിംഗും ശക്തമാക്കി.
കാഷ്മീർ റിക്രൂട്ട്‌മെന്റ് കേസ്, 2008 ലെ ബംഗളൂരു സ്‌ഫോടന പരമ്ബര, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വധശ്രമം, കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്, കളമശേരിയിൽ ബസ് കത്തിച്ച സംഭവം തുടങ്ങിയ തീവ്രവാദ കേസുകളിൽ നസീർ പ്രതിയാണ്. കണ്ണൂരിൽ കേരള, കർണാടക പൊലീസിന്റെ നൂറിൽ അധികം വരുന്ന സംഘമാണ് സുരക്ഷയുടെ ഭാഗമായി എത്തിയിരിക്കുന്നത്.