ശ്രുതി തനിച്ചായി;  ജെൻസൻ മരണത്തിന് കീഴടങ്ങി

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

author-image
Vishnupriya
New Update
ad
Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപറ്റ: ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെൻസൻ മടങ്ങി.  മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വാഹനാപകടത്തിൽ മരിച്ചു. അമ്പലവയൽ സ്വദേശിയാണ്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു. വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപ്പെടെ 9 പേർക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. 

ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു. കൽപറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാൻ ജെൻസന്റെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛൻ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുൾപൊട്ടലിൽ നഷ്ടമായി. ഇൗ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരുക്കേറ്റു. ശിവണ്ണന്റെ സഹോദരൻ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.

Wayanad landslide accident