വടകര:എൽ.ഡി.എഫ്. വടകര മണ്ഡലം സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയ ആൾക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ഇയാൾക്കെതിരെ കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യക്തിഹത്യ നടത്തുന്നെന്നാരോപിച്ച് കെ.കെ. ശൈലജ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കിയിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് സൈബര്‍ അതിക്രമം നടക്കുന്നതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പോലീസിന് നേരിട്ടും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി മുഖേനയും പരാതി നല്‍കിയെന്നും എന്നാൽ പരാതിയിൽ നടപടിയെടുത്തില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ശൈലജ പറഞ്ഞു.