ഇടുക്കി: അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിൽ വിനോദസഞ്ചാരകേന്ദ്രമായ ആനചാടിക്കുത്തിലൂടെ മലവെള്ളം ഒഴുകിയെത്തി. ഇതോടെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർ മറുകര കടക്കാനാകാതെ പാറക്കെട്ടിൽ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി എല്ലാവരേയും മറുകരയിലെത്തിച്ചു. ആലപ്പുഴ സ്വദേശികളായ ഒൻപതുപേരും ആലുവയിൽനിന്നുള്ള നാലുപേരും തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ രണ്ടുപേരുമാണ് പാറക്കെട്ടിൽ കുടുങ്ങിയത്. ഇതിൽ നാലു പേർ കുട്ടികളാണ്.
വെള്ളിയാഴ്ച വൈകീട്ട് നാലേകാലോടെയാണ് സംഭവം. വണ്ണപ്പുറം പഞ്ചായത്തിൽ തൊമ്മൻകുത്തിന് സമീപമുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് ആനചാടിക്കുത്ത്. വെള്ളിയാഴ്ച ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അവധി ദിവസമായതിനാൽ ധാരാളം സഞ്ചാരികളുണ്ടായിരുന്നു.
ഏകദേശം മൂന്നുമണിയോടെ പെട്ടെന്ന് മഴ തുടങ്ങി. തൊമ്മൻകുത്ത് വനമേഖലയിലും മഴപെയ്തിരുന്നു. ഇവിടെ നിന്നുകൂടി വെള്ളം ഒഴുകിയെത്തിയതോടെ കുത്തിലെ വെള്ളം ഒഴുകിപ്പോകുന്ന വെള്ളാരംതോട്ടിൽ ജലനിരപ്പ് ഉയർന്നു. നല്ല ഒഴുക്കുമുണ്ടായി. ഈ സമയം തോടിന്റെ അക്കരെനിന്നവരാണ് കുടുങ്ങിയത്.
ഒഴുക്കിൽപ്പെടാതിരിക്കാൻ ഇവർ അടുത്തിരുന്ന പാറയിലേക്ക് കയറിയിരുന്നു. നല്ല ചരിവുള്ള പാറയിൽ നല്ല വഴുക്കലുണ്ടായിരുന്നു. എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ അവർ അവിടെ ഇരുന്നു. വെങ്ങല്ലൂരിൽ നിന്നുള്ള കുട്ടിയും ബന്ധുവും തൊടുപുഴ അഗ്നിരക്ഷാനിലയത്തിന് സമീപത്ത് താമസിക്കുന്നവരാണ്. കുട്ടിയുടെ അമ്മയും ബന്ധുക്കളും മറുകരയിലുണ്ടായിരുന്നു. ഇവർ ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
വിവരം അറിഞ്ഞപ്പോൾ തന്നെ നാട്ടുകാർ ഓടിയെത്തി. പാറയിലൂടെ കയറിയാൽ അതുവഴി ആനചാടിക്കുത്തിന് മുകളിൽ എത്താമെന്നും അവിടെയുള്ള നടപ്പാലം വഴി മറുകരയെത്താമെന്നും നാട്ടുകാർ അറിയിച്ചു. എന്നാൽ, സഞ്ചാരികൾക്ക് സ്ഥലപരിചയമില്ലാത്തതിനാലും മഴ കനത്തുപെയ്യുന്നതിനാലും ആ ശ്രമം വേണ്ടെന്നുവെച്ചു. തുടർന്ന് നാട്ടുകാർ ഇതേ വഴിയിലൂടെ സഞ്ചാരികളുടെ സമീപത്തെത്തി.
ഈ സമയം അഗ്നിരക്ഷാസേനയും കാളിയാർ, കരിമണ്ണൂർ പോലീസും സ്ഥലത്തെത്തി. സേനാംഗങ്ങൾ കുത്തിന് മുകളിൽ കയറി പുഴ മുറിച്ചുകടന്നു. രണ്ട് പാറകളുടെ ഇടയിലൂടെ ഇറങ്ങി കുത്തിന് താഴെയുള്ള മറുകരയിൽ എത്തി. പുഴയുടെ വശത്തുകൂടി ആളുകൾ ഇരുന്ന പാറയിലേക്ക് കയറി അവരെ കൈപിടിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മറ്റുകയായിരുന്നു. പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
വൈകീട്ട് ആറോടെ തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മുകളിലേക്കുള്ള വഴിയിലൂടെ ഇവരെ മറുകരയിൽ എത്തിച്ചു. ആർക്കും പരിക്കോ മറ്റ് അസ്വസ്ഥതകളോ ഇല്ല.