തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ റഹീം.എല്ലാവർക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ.ഒരു തെറ്റും ചെയ്യാത്തവരെ അസഭ്യം വിളിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നട്ടുനനച്ചു വളർത്തുന്ന ക്രിമിനൽ സംഘം സമൂഹ മാധ്യമങ്ങളിലൂടെ എന്തും വിളിച്ച് പറയുന്നു. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് നടത്തുന്നത്.യൂത്ത് കോൺഗ്രസും കോൺഗ്രസുമാണ് ഇതിന് പിന്നിൽ. കോൺഗ്രസ് ഇറക്കി വിട്ട സൈബർ ഗുണ്ടകളെ തിരിച്ചു വിളിക്കാൻ കോൺഗ്രസ് തയാറാവണം. സൈബർ ആക്രമണം നടത്തിയാൽ ഇവർ പതറി വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട. സൈബർ ഗുണ്ടകളെ രാഷ്ട്രീയ പരമായി നേരിടുമെന്നും എ എ റഹീം വ്യക്തമാക്കി.
ഒരു സ്ത്രീ തന്നെ അശ്ലീലം കാണിച്ച് എന്ന് വെറുതെ പറയുമോ? ചെറുപ്രായത്തിൽ മേയർ ആയിവന്ന ആര്യയെ അന്ന് മുതലേ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേർത്തു. ഒരു പൊളിറ്റിക്കൽ ബ്രാൻഡ് ഉണ്ടാകരുതെന്ന് ലക്ഷ്യത്തോടെയുള്ള ആക്രമണമാണ് നടക്കുന്നത്. മേയർ എന്ത് തെറ്റാണ് ചെയ്തത്? മേയറെ ആക്രമിക്കുന്നത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം. സച്ചിൻദേവ് എംഎൽഎ ബസിൽ കയറി ആളുകളെ ഇറക്കി വിട്ടിട്ടില്ലെന്നും റഹീം പറഞ്ഞു.