തൃക്കാക്കര: ഓടുന്ന കാറിന്റെ മുകളിൽ യുവാവിന്റെ സാഹസിക യാത്ര നടത്തിയ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന വൈക്കം ചെമ്പ് സ്വദേശി അനന്തുവിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തതായി എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓ കെ.മനോജ് പറഞ്ഞു.നാല് മാസത്തേക്കാണ് സസ്‌പെൻഷൻ.കൂടാതെ കാറിന്റെ ആർ.സി മൂന്ന് മാസം സസ്‌പെന്റ് ചെയ്യും. റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും ആർ.ടി.ഓ നിർദേശിച്ചു.റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ നാല് മാസത്തിനു ശേഷം ലൈസൻസ് സസ്‌പെൻഷൻ പിൻവലിക്കൂ.കഴിഞ്ഞ വെള്ളിയാഴ്ച ദേശീയ പാതയിൽ ഊന്നുകല്ലിന് സമീപം റോഡിലൂടെ ഓടുന്ന കാറിന്റെ മുകളിൽ യുവാവിന്റെ സാഹസിക യാത്ര ചെയ്തത്. ഇവർക്ക് തൊട്ടു പിന്നാലെ യാത്രചെയ്ത ദൃശ്യങ്ങൾ ആലുവ സ്വദേശികൾ പകർത്തിയിരുന്നു.ഇതിനെ കാറിലുള്ളവർ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയതതിനെ തുടർന്ന് ഇവർ കോതമംഗലം ജോയിൻ്റ് ആർ.ടി.ഒയെ വിവരമറിയിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാറിന്റെ രജിസ്ട്രേഷൻ നമ്പറിൽ വിളിച്ച് ഡ്രൈവറോട് എറണാകുളം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.ഇന്നലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ക്ക് മുൻപിൽ ഹാജരായ കാറിന്റെ ഡ്രൈവർ അനന്തുവിന്റെ മറുപടി രേഖപ്പെടുത്തിയ ശേഷം നടപടിയെടുക്കുകയായിരുന്നു.