പാലക്കാട്: ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി എ.വിജയരാഘവനെ 'നിയുക്ത എംപി'യാക്കി അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡ്. പാലക്കാട് പൊന്‍പാറയിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നിയുക്ത എംപിയായി എ.വിജയരാഘവന്‍റെ ഫ്ളക്സ് സ്ഥാപിച്ചത്.
അതേസമയം, ഫലപ്രഖ്യാപനത്തിന് മുന്നേ പാര്‍ട്ടി അത്തരത്തില്‍ ബോര്‍ഡ് വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നും നേതൃത്വം പറയുന്നു.
ഇത്തവണ 73.57 ശതമാനമായിരുന്നു പാലക്കാട്ടെ പോളിങ്. 2019-ല്‍ 77.67 ശതമാനമുണ്ടായിരുന്നു.
സിപിഎം ശക്തികേന്ദ്രമായിരുന്ന പാലക്കാട് 2019-ല്‍ കോണ്‍ഗ്രസ് കൈയടക്കുകയായിരുന്നു. കോണ്‍ഗ്രസിൻറെ വി.കെ. ശ്രീകണ്ഠന്‍ എം.ബി.രാജേഷിനെ 11637 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വി.കെ.ശ്രീകണ്ഠന്‍ തന്നെ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാനാണ് മുതിര്‍ന്ന നേതാവ് എ.വിജയരാഘവനെ സിപിഎം രംഗത്തിറക്കിയത്.