കൊച്ചി: വയനാടിലെ ദുരിതബാധിതരെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കളക്ഷ൯ സെന്ററിൽ ലഭിച്ച സാധനങ്ങൾ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറുന്നതിനായി കയറ്റി അയച്ചു. ദുരിതാശ്വാസ സാധനങ്ങളടങ്ങിയ വാഹനം മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രി പി. രാജീവ്, ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വാഹനം പുറപ്പെട്ടത്.
കടവന്ത്ര റീജണൽ സ്പോ൪ട്ട്സ് സെന്ററിൽ തുറന്ന സഹായ സമാഹരണ കേന്ദ്രത്തിൽ വലിയ സഹായമാണ് ലഭിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി എത്തി. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ എല്ലാത്തരം സാധനങ്ങളും കേന്ദ്രത്തിൽ ലഭിച്ചു. മരുന്നുകൾ, സ്കൂൾ ബാഗുകൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള സാധൻങ്ങൾ, ഡയപ്പറുകൾ, മുതി൪ന്നവ൪ക്കുള്ള നാപ്കിനുകൾ തുടങ്ങിയവ ലഭിച്ചു. മൂന്ന് ലോഡ് സാധനങ്ങളാണ് വയനാട്ടിലേക്ക് അയക്കുന്നത്.
വയനാടിലെ ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽക്ക൪ സൽമാ൯ 15 ലക്ഷം രൂപയും നൽകി. രണ്ട് ചെക്കുകളും മമ്മൂട്ടി കൈമാറി. ദുൽക്ക൪ സൽമാന്റെ ചെക്ക് മന്ത്രിയും മമ്മൂട്ടി നൽകുന്ന തുകയുടെ ചെക്ക് ജില്ലാ കളക്ടറും ഏറ്റുവാങ്ങി.